ഖുറേഷി അബ്രഹാമിനായുള്ള കാത്തിരിപ്പ്; ഒടുവില്‍ എത്തി

പൃഥ്വിരാജ് സുകുമാരന്‍ മലയാളത്തിന് സമ്മാനിച്ച ലൂസിഫറിന്റെ വിജയത്തിന് ശേഷം ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.

author-image
Web Desk
New Update
ഖുറേഷി അബ്രഹാമിനായുള്ള കാത്തിരിപ്പ്; ഒടുവില്‍ എത്തി

പൃഥ്വിരാജ് സുകുമാരന്‍ മലയാളത്തിന് സമ്മാനിച്ച ലൂസിഫറിന്റെ വിജയത്തിന് ശേഷം ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. എന്നാല്‍ നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് എമ്പുരാന്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' 2019ല്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ഫൈറ്റര്‍ വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തെങ്കിലും മോഹന്‍ലാലിന്റെ മുഖം കാണിക്കാത്തതിലെ പരിഭവവും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ആനന്ദ് രാജേന്ദ്രന്റെ ഇല്യുമിനാര്‍ട്ടിസ്റ്റ് കമ്പനിയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സംവിധായകന്‍ പൃഥ്വിരാജും സംഘവും ലൊക്കേഷന്‍ ഹണ്ടിനായി യുകെയില്‍ എത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാന്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്. നിരവധി വിദേശ താരങ്ങളും മറ്റ് പ്രമുഖ ഇന്ത്യന്‍ താരങ്ങളും എമ്പുരാനില്‍ അണിനിരക്കും.

 

Malayalam Latest News movie news