സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം; ഹോളിവുഡ് നടീനടന്മാര്‍ സമരത്തിലേക്ക്

സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാര്‍.

author-image
Lekshmi
New Update
സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം; ഹോളിവുഡ് നടീനടന്മാര്‍ സമരത്തിലേക്ക്

സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാര്‍. പ്രധാന ഹോളിവുഡ് നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സുമായി ദ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കള്‍ സമരത്തിനിറങ്ങിയത്. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ദ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡാണ് സമരത്തിന് പിന്നില്‍.

പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹോളിവുഡിലെ എഴുത്തുകാര്‍ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.

മെറില്‍ സ്ട്രിപ്പ്, ബെന്‍ സ്റ്റില്ലെര്‍, കോളിന്‍ ഫാറെല്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രധാന സ്റ്റുഡിയോകളായ ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകള്‍ക്ക് സമീപം അഭിനേതാക്കള്‍ പ്രത്യക്ഷസമരമാരംഭിച്ചു.

ടോം ക്രൂസ്, ആന്‍ജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുന്‍നിരക്കാര്‍ അംഗമായ സംഘടനയാണ് സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്. എഴുത്തുകാരുടെ സമരം ഇതിനകം ഹോളിവുഡില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അതിനിടയില്‍ അഭിനേതാക്കളും പണിമുടക്കാരംഭിച്ചതോടെ അമേരിക്കന്‍ സിനിമാവ്യവസായം പ്രതിസന്ധിയിലാകും.

strike actors hollywood