/kalakaumudi/media/post_banners/815d1cf60d01cbaaa317de24194b819b37055e4c3cd9b1c470df2eaaac3dedf3.jpg)
ചലച്ചിത്ര അക്കാഡമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും കൈകോര്‍ത്തു
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും കൈകോര്‍ത്തപ്പോള്‍ 28ാമത് രാജ്യാന്തര ചലച്ചിത്ര മേള കളറായി. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ പരാതികള്‍ക്കിട നല്‍കാതെ തന്നെ മേള ബുധനാഴ്ച ആറാം ദിനത്തില്‍ എത്തിനില്‍ക്കുകയാണ്. സാധാരണ മേള നടത്തിവന്നിരുന്നത് സംസ്ഥാന ചലച്ചിത്ര അക്കാഡമി ഒറ്റയ്ക്കായിരുന്നു. ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ സഹായത്തോടെയായിരുന്നു സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്.
ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്ന പദവി ഒഴിവാക്കി പകരം ക്യൂറേറ്ററുടെ സഹായത്തോടെയാണ് സിനിമകള്‍ മേളയ്ക്കായി എത്തിച്ചത്. പ്രമേയം കൊണ്ടും പുതുമ കൊണ്ടും 28ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇതിനോടകം തന്നെ ഏറെ പ്രശംസ നേടിക്കഴിഞ്ഞു.
ഇത്തവണത്തെ മറ്റൊരു പ്രത്യേക ഡെലിഗേറ്റുകളായെത്തിയവരെല്ലാം തന്നെ സിനിമ കാണാന്‍ തിയേറ്ററുകളിലേക്ക് എത്തുന്നു എന്നതാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണും അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തും മെംബര്‍ സെക്രട്ടറി അജോയ് ചന്ദ്രനും ഉള്‍പ്പെടെ കൂടിയാലോചിച്ചാണ് ഇത്തവണത്തെ മേളയുടെ സംഘാടനം നടത്തുന്നത്.
മലയാള സിനിമയെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള ഉദ്യമമാണ് ഇത്തവണത്തെ മേളയില്‍ എടുത്തു പറയേണ്ടത്. ഇതിനായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഫിലിം മാര്‍ക്കറ്റ് എന്ന സെക്ഷന്‍ കൂടി നടത്തുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമകയെ എത്തിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഈ മേഖലയിലെ വിദഗ്ധരെയും ക്യൂറേറ്റര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഫിലിം മാര്‍ക്കറ്റ്.
ഇതുവരെ ഇന്ത്യയുടെ അതിര്‍ത്തികടന്നു പോകാതിരുന്ന മലയാള സിനിമകള്‍ക്ക് മറ്റൊരു വാതായനം കൂടി തുറക്കപ്പെടുകയാണ് ഫിലിം മാര്‍ക്കറ്റിലൂടെ.കഴിഞ്ഞ ഓഗസ്റ്റിലാണ് ചലച്ചിത്ര മേളയുടെ പ്രഖ്യാപനം വരുന്നത്. തുടര്‍ന്നുള്ള നാലു മാസം കൊണ്ടാണ് ചലച്ചിത്ര അക്കാഡമി 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറിമാരെ കണ്ടെത്തിയതും സിനിമകള്‍ തിരഞ്ഞെടുത്തതും.
12,000 ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെ 15,000ത്തോളം പേരാണ് ഈ മേള കാണാനായെത്തുന്നത്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ കണ്ടെത്തുന്നതിനും ഷെഡ്യൂളുകള്‍ പൂര്‍ത്തീകരിക്കുന്നതിനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും അക്കാഡമിയുടെയും സഹകരണം നിര്‍ണായകമായി.
ഗോള്‍ഡ സെല്ലം ക്യൂറേറ്റര്‍
ലോകത്തെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രഗത്ഭരെയാണ് ക്യൂറേറ്റര്‍മാരായി കണ്ടെത്തിയിട്ടുള്ളത്. മുന്‍കാലങ്ങളില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ് മേളയിലേക്കുള്ള സിനിമകള്‍ കണ്ടെത്തിയിരുന്നതെങ്കില്‍ ഇത്തവണ ആ പതിവിന് ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഫ്രഞ്ച് ചലച്ചിത്രകാരി ഗോള്‍ഡ സെല്ലമാണ് മേളയുടെ ചുക്കാന്‍ പിടിക്കുന്നത്.
മേളയുടെ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണും അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തും ഇത്തരമൊരു ആലോചന നടത്തിയിരുന്നു. നിരവധി പേരെ പരിഗണിച്ചശേഷമാണ് ഗോള്‍ഡ സെല്ലമിനെ ഈ മേളയുടെ ക്യൂറേറ്ററായി തിരഞ്ഞെടുത്തത്. മലയാള സിനിമയെ ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗോള്‍ഡ സെല്ലം പറയുന്നു. കുറ്റമറ്റരീതിയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
ഓരോ സിനിമയും അത് പങ്ക് വയ്ക്കുന്ന രാഷ്ട്രീയവും ലോക ശ്രദ്ധ നേടുമ്പോള്‍ അതീവ ശ്രദ്ധയോടെ മാത്രമേ ഒരു ക്യൂറേറ്റര്‍ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കൂവെന്നും അവര്‍ പറഞ്ഞു. ലോകത്തിന് മുന്‍പില്‍ മലയാള സിനിമയെ എത്തിക്കുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പാക്കുന്നത് സുപ്രധാനമാണെന്നും സെല്ലം വ്യക്തമാക്കി.
വനിതാ സംവിധായകരുടെ സിനിമകള്‍
ഈ മേളയുടെ മറ്റൊരു ഹൈലൈറ്റാണ് വനിതാ സംവിധായകരുടെ സിനിമകള്‍. ഇത്തരത്തിലൊരു പാക്കേജ് ഉള്‍പ്പെടുത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. വനിതാ സിനിമാ പ്രവര്‍ത്തകരുടെ സിനിമകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ഇവിടെയാണ്.
ചലച്ചിത്ര അക്കാഡമി വനിതകള്‍ക്കായി സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പരിശീലനവും നല്‍കുന്നുണ്ട്. സിനിമാ മേഖലയില്‍ സ്ത്രീ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒപ്പം ലോക സിനിമാ മേളകളില്‍ വനിതാ സംവിധായകരുടെ സിനിമകള്‍ എത്തിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള യുവ വനിതാ സംവിധായകരുടെ ആദ്യത്തേയും രണ്ടാമത്തെയും ചിത്രങ്ങളാണ് ഈ മേളയിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
