വടക്കന്‍ വീരഗാഥയിലെ 'നായകന്‍'; പിവിജി എന്ന സ്‌നേഹഗാഥ

മലയാളികള്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പി വി ഗംഗാധരന്‍ വിടപറഞ്ഞിരിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച മഹനീയ വ്യക്തിത്വമായിരുന്നു പി.വി.ജി. കലാലോകത്തിന് എക്കാലവും ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി സിനിമകള്‍ സമ്മാനിച്ചായിരുന്നു പി.വി ഗംഗാധരന്‍ എന്ന മനുഷ്യസ്‌നേഹിയുടെ മടക്കം.

author-image
Web Desk
New Update
വടക്കന്‍ വീരഗാഥയിലെ 'നായകന്‍'; പിവിജി എന്ന സ്‌നേഹഗാഥ

തിരുവനന്തപുരം: മലയാളികള്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പി വി ഗംഗാധരന്‍ വിടപറഞ്ഞിരിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച മഹനീയ വ്യക്തിത്വമായിരുന്നു പി.വി.ജി. കലാലോകത്തിന് എക്കാലവും ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി സിനിമകള്‍ സമ്മാനിച്ചായിരുന്നു പി.വി ഗംഗാധരന്‍ എന്ന മനുഷ്യസ്‌നേഹിയുടെ മടക്കം.

ഒരു വടക്കന്‍ സ്‌നേഹ ഗാഥയിലെ നായകന്‍ എന്നാണ് മമ്മൂട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നപ്പോഴും പാരമ്പര്യ സ്വത്തായ ബിസിനസ് സാമ്രാജ്യം ഉയര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും സിനിമ എന്ന മാദ്ധ്യമത്തെ ജനകീയമാക്കാനും കലാമൂല്യമുള്ളതാക്കാനും അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെയാണ് പി വി ജി സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. ദേശീയ, സംസ്ഥാനതലങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങള്‍ നേടി.

2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നിര്‍മിച്ച 'ശാന്ത'ത്തിനായിരുന്നു. 1997ല്‍ 'കാണാക്കിനാവ്' എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 'ഒരു വടക്കന്‍ വീരഗാഥ'(1989) 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'(1999), 'അച്ചുവിന്റെ അമ്മ'(2005) 'നോട്ട്ബുക്ക്'(2006) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചു. വിവിധ ചിത്രങ്ങള്‍ ഫിലിംഫെയര്‍ അവാര്‍ഡുകളും പല തവണയായി സ്വന്തമാക്കി.

പിതാവ് പി വി സാമി പടുത്തുയര്‍ത്തിയ കെ ടി സി ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ സഹോദരന്‍ പി വി ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ എസ് യുവിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെത്തിയ ഗംഗാധരന്‍ എ ഐ സി സി അംഗം വരെയായി. 2011 ല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അമരത്ത് പ്രവര്‍ത്തിക്കാന്‍ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മര്‍ദതന്ത്രങ്ങളും ചേംബര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതിയുടെയും ട്രെയിന്‍ കര്‍മസമിതിയുടെയും ചെയര്‍മാനാണ്.

സിനിമാ നിര്‍മാതാക്കളുടെ അന്തര്‍ദേശീയ സംഘടനയായ ഫിയാഫിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റായ ആദ്യത്തെ ഏഷ്യക്കാരനാണ്. പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും മൂന്നൂതവണയായി വഹിച്ചു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍, കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിരുന്നു.

പി വി എസ് ആശുപത്രി ഡയറക്ടര്‍, ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍, ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പി വി എസ് നഴ്‌സിങ് സ്‌കൂള്‍ ഡയറക്ടര്‍, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, പി വി എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍, പി വി എസ് ഹൈസ്‌കൂള്‍ ഡയറക്ടര്‍, കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സെനറ്റ് അംഗം, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ദേശീയ എക്‌സിക്യൂട്ടീവ് അംഗം, ഒയിസ്‌ക ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

movie malayalam movie movie news pv gangadharan