സിനിമയിലെ രണ്ട് മമ്മൂട്ടിമാര്‍! രണ്ടാമന്‍ വലിയ വിമര്‍ശകന്‍...

സിനിമയില്‍ സ്വയം തേച്ചുമിനുക്കിയും നവീകരിച്ചും മമ്മൂട്ടി അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അഭിനയത്തില്‍ നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും അഭിനയത്തോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന നടന്‍, തന്നിലെ നടനെ ജ്വലിപ്പിച്ച്, പ്രകടനത്തിന്റെ വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കുന്നു. അങ്ങനെ മമ്മൂട്ടി എന്ന മൂന്നക്ഷരം വീണ്ടും വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു!

author-image
Web Desk
New Update
സിനിമയിലെ രണ്ട് മമ്മൂട്ടിമാര്‍! രണ്ടാമന്‍ വലിയ വിമര്‍ശകന്‍...

ഒരിക്കല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു, സിനിമയില്‍ രണ്ട് മമ്മൂട്ടിയുണ്ട്. ഒരു മമ്മൂട്ടി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചുജീവിക്കുന്നു. രണ്ടാമത്തെ മമ്മൂട്ടി, ആദ്യത്തെ മമ്മൂട്ടിയെ മാത്രം നോക്കിയും വിലയിരുത്തിയും തിരുത്തിയും കഴിയുന്നു!

തന്നെക്കുറിച്ച് മമ്മൂട്ടിയുടെ വിലയിരുത്തല്‍ കൂടി ഇതിനോടൊപ്പം ചേര്‍ത്തുവയ്ക്കണം. ചിലര്‍ ജന്മനാ നടന്മാരായിരിക്കും, ബോണ്‍ ആക്ടര്‍. ചിലര്‍ നല്ല നടന്മാരായി വളരും, അതായത് മെത്തേഡ് ആക്ടര്‍. ഞാന്‍ രണ്ടാമത്തെ വിഭാഗത്തിലാണ്. മെത്തേഡ് ആക്ടര്‍ കഥാപാത്രങ്ങളായി മാറുകയും കഥാപാത്രങ്ങളുടെ ചേഷ്ടകള്‍ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബോണ്‍ ആക്ടര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആക്ടറുടെ ചേഷ്ടയായിരിക്കും ഉണ്ടാകുക... ഈ രണ്ടു വിലയിരുത്തലുകളും ശരിയെന്ന് മമ്മൂട്ടിയെ കരിയറിന്റെ തുടക്കം മുതല്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ സമ്മതിക്കും.

സിനിമയില്‍ സ്വയം തേച്ചുമിനുക്കിയും നവീകരിച്ചും മമ്മൂട്ടി അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അഭിനയത്തില്‍ നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും അഭിനയത്തോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന നടന്‍, തന്നിലെ നടനെ ജ്വലിപ്പിച്ച്, പ്രകടനത്തിന്റെ വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കുന്നു. അങ്ങനെ മമ്മൂട്ടി എന്ന മൂന്നക്ഷരം വീണ്ടും വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു!

കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശമാണ് മമ്മൂട്ടിയുടെ പ്രത്യേകത. നേരത്തെ പറഞ്ഞ മെത്തേഡ് ആക്ടറിന്റെ സവിശേഷതയാണത്. മൂന്ന് മമ്മൂട്ടി കഥാപാത്രങ്ങള്‍ ഉദാഹരണങ്ങളായി പറയാം, വടക്കന്‍ വീരഗാഥയിലെ ചന്തു, പൊന്തന്‍മാടയിലെ മാട, പിന്നെ ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍! ഇനിയും ചൂണ്ടിക്കാട്ടാന്‍ നിരവധി കഥാപാത്രങ്ങളുണ്ട്. കഥാപാത്രങ്ങളുടെ തുടര്‍ച്ച സൂക്ഷിക്കുന്നതിലും മമ്മൂട്ടി ഏറെ ശ്രദ്ധിക്കാറുണ്ട്. പ്രാഞ്ചിയേട്ടനിലും മമ്മൂട്ടിയുടെ മാസ്സ് കഥാപാത്രമായ രാജമാണിക്യത്തിലും ഒക്കെ ഇത് കാണാനാവും. കഥാപാത്രത്തിനെ തന്നിലേക്ക് സ്വീകരിക്കാതെ, കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ശ്രമിക്കാറുള്ളതെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ലഭിച്ച പുരസ്‌കാരം തികച്ചും അര്‍ഹമായ അംഗീകാരം തന്നെ. 1981 ലാണ് മമ്മൂട്ടിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഐവി ശശി ചിത്രം അഹിംസിലെ പ്രകടനമാണ് മമ്മൂട്ടിയെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ് അര്‍ഹനാക്കിയത്. 1984 ല്‍ അടിയൊടുക്കുകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി. 1985 ല്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരമാണ് ലഭിച്ചത്. ബാലു മഹേന്ദ്രയുടെ യാത്രയിലേയും ജോഷിയുടെ നിറക്കൂട്ടിലെയും കഥാപാത്രങ്ങളാണ് പരിഗണിച്ചത്.

മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലൂടെ 1989 ല്‍ അവാര്‍ഡ് ലഭിച്ചു. ഇതേ വര്‍ഷം ദേശീയ പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. വിധേയന്‍, പൊന്തന്‍ മാട, വാത്സല്യം സിനിമകളിലൂടെ 1993 ല്‍ മമ്മൂട്ടി വീണ്ടും മികച്ച നടനായി. മികച്ച നടനായി ദേശീയ തലത്തിലും ഈ സിനിമകളിലൂടെ മമ്മൂട്ടി തിളങ്ങി.

2004 ല്‍ ബ്ലെസി ഒരുക്കിയ ഹൃദയസ്പര്‍ശിയായ ചിത്രം കാഴ്ചയിലൂടെ മമ്മൂട്ടി മികച്ച നടനായി. 2009 പാലേരി മാണിക്യമാണ് മമ്മൂട്ടിയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഡോ. ബാബാസഹേബ് അംബേദ്കറെന്ന ബഹുഭാഷാ ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം ദേശീയ തലത്തില്‍ നേടി.

movie actor malayalam movie mammootty