മഞ്ഞുമ്മല്‍ ബോയ്‌സ് ആദ്യദിന കളക്ഷന്‍, ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക്!

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടപ്പോള്‍ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണിതെന്ന് പ്രേക്ഷകര്‍ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്.

author-image
Web Desk
New Update
മഞ്ഞുമ്മല്‍ ബോയ്‌സ് ആദ്യദിന കളക്ഷന്‍, ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക്!

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടപ്പോള്‍ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണിതെന്ന് പ്രേക്ഷകര്‍ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂര്‍ണ്ണമായും എന്‍ജോയ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉള്‍പ്പെടെ പിടിച്ചിരിത്തുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള ഓപ്പണിങ് കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനത്തില്‍ 3.9 കോടി രൂപ ചിത്രം കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണ് ഇത്. കേരളത്തില്‍ നിന്ന് മാത്രം 3.35 കോടിയാണ് ചിത്രം നേടിയത്. സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനെന്ന റെക്കോര്‍ഡും മഞ്ഞുമ്മലിനു സ്വന്തം. ആദ്യദിനം 1.47 കോടി രൂപ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചിരുന്നു. രണ്ടാം ദിവസത്തിലും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. 893 ഷോകളില്‍ നിന്നായി 1.38 കോടിയാണ് രണ്ടാം ദിനം സിനിമയുടെ അഡ്വാന്‍സ് ബുക്കിങിലൂടെ ലഭിച്ചത്. വേള്‍ഡ് വൈഡ് കളക്ഷന്‍ ആറു കോടിയ്ക്ക് മുകളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കരസ്ഥമാക്കിയത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന സുഷിന്‍ ശ്യാമിന്റെ വാക്കുകള്‍ ചിത്രം കണ്ടതോടെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. വിഷ്വല്‍ ക്വാളിറ്റികൊണ്ടും സൗണ്ട് ട്രാക്കുകൊണ്ടും കഥാപശ്ചാത്തലം, ദൃശ്യാവിഷ്‌ക്കാരം എന്നിവകൊണ്ടും മികവ് പുലര്‍ത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു എക്‌സ്പീരിയന്‍സാണ് സമ്മാനിച്ചിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഢതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.

ചിദംബരത്തിന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് മെഗാഹിറ്റാകുമെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. മലയാള സിനിമക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വിജയഗാഥ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പേരും എഴുതി ചേര്‍ക്കും. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തില്‍ 1 കോടിക്ക് മുകളിലാണ് പ്രി സേല്‍ ലഭിച്ചത്. ചിത്രത്തിന്റെ ആദ്യദിന റിപ്പോര്‍ട്ട് വെച്ച് നോക്കുമ്പോള്‍ ചിത്രം കയറികൊളത്തുമെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാനാവും. നിമിഷങ്ങള്‍ക്കുള്ളില്‍ ഷോകള്‍ ഹൗസ്ഫുള്‍ ആവുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്.

ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

 

soubin shahir movie malayalam movie manjummel boys