ലോകമെമ്പാടും മഞ്ഞുമ്മല്‍ ബോയ്‌സ് വ്യാഴാഴ്ച എത്തുന്നു! യുകെയില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 11 ഹൗസ്ഫുള്‍ ഷോകള്‍

അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ്. സംവിധായകന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22 വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.

author-image
Web Desk
New Update
ലോകമെമ്പാടും മഞ്ഞുമ്മല്‍ ബോയ്‌സ് വ്യാഴാഴ്ച എത്തുന്നു! യുകെയില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 11 ഹൗസ്ഫുള്‍ ഷോകള്‍

അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ്. സംവിധായകന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22 വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ ചിത്രം റിലീസിന് മുന്നേ അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11ലേറെ ഹൗസ്ഫുള്‍ ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയ ആര്‍എഫ്ടി ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. ഈയൊരു നേട്ടത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷമാണ് ലഭിച്ചത്. ചിത്രത്തിന്റെ ബുക്കിംഗ് ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ഓപ്പണ്‍ ആയതോടെ നിരവധി പേരാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഷോകള്‍ ഹൗസ്ഫുള്‍ ആവുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്. പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു എന്ന് ഇതിലൂടെ മനസ്സിലാക്കാം.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ചന്തു സലീംകുമാര്‍ നടന്‍ സലിം കുമാറിന്റെ മകനാണ്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. യാത്രയെയും യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മികവുറ്റ സാങ്കേതിക വിദ്യകളോടെയും ഗംഭീര സൗണ്ട് ട്രാക്കുകളോടും കൂടിയാണ് എത്തുന്നത്.

ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, കുതന്ത്രം ഗാനം, ട്രാവല്‍ സോങ്ങ് നെബുലക്കല്‍ എന്നിവ പുറത്തുവിട്ടിട്ടുണ്ട്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന നെബുലക്കല്‍ പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തിക്കൊണ്ടെത്തിയ ട്രെയിലര്‍ യു ട്യൂബ് ട്രെന്‍ഡിങ്ങിലാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സുഷിന്‍ ശ്യാമും വേടനും ഒന്നിച്ച കുതന്ത്രം ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും സുഷിന്‍ ശ്യാമും ഒന്നിക്കുന്ന സിനിമയാണിത്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

movie malayalam movie manjummel boys