/kalakaumudi/media/post_banners/c38ad0cdcba17214f76b9a045fa360f7a25d5a143c2866b355968014e19a8822.jpg)
പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിനൊരുങ്ങുന്നു. ഫ്രണ്ട്‌സ്, നമ്മള്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, സീനിയേര്‍സ്, നോട്ട്ബുക്ക് തുടങ്ങി സൗഹൃദത്തിന്റെ മാധുര്യം തുളുമ്പുന്ന ഒരുപാട് സിനിമകള്‍ മലയാളത്തിലും അന്യഭാഷകളിലുമായി ഇതിനോടകം നമ്മള്‍ കണ്ടിട്ടുണ്ടാവും. അത്തരം സിനിമകളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന, സുഹൃത്ത് ബന്ധങ്ങളുടെ കാഠിന്യം ഊട്ടിയുറപ്പിക്കുന്ന, ഹൃദയത്തോട് സംവദിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയുമായാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എത്തുന്നത്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെതായ് പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജാന്‍ എ മന്‍ന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, പശ്ചാത്തലസംഗീതം സുഷിന്‍ ശ്യാം, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.