ബോക്‌സ് ഓഫീസില്‍ ഒന്നാമനായി മഞ്ഞുമ്മല്‍ ബോയ്‌സ്; വേള്‍ഡ്‌വൈഡ് 176 കോടി

മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്. ആഗോള തലത്തില്‍ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്.

author-image
Web Desk
New Update
ബോക്‌സ് ഓഫീസില്‍ ഒന്നാമനായി മഞ്ഞുമ്മല്‍ ബോയ്‌സ്; വേള്‍ഡ്‌വൈഡ് 176 കോടി

 

മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്. ആഗോള തലത്തില്‍ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്.

കഴിഞ്ഞ ഒരു വര്‍ഷം വരെ ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം 2018 ന്റെ റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തിരുത്തിയത്. ആഗോള ബോക്‌സ് ഓഫിസില്‍ 175 കോടിയായിരുന്നു 2018ന്റെ കളക്ഷന്‍. 21 ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകള്‍.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്.

2006ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാര്‍ത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിച്ചത്. യുകെയിലെ വിതരണാവകാശം ആര്‍എഫ്ടി ഫിലിംസും കരസ്ഥമാക്കി.

ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

movie manjummel boys soubin shahir