By Web Desk.24 09 2023
അന്തരിച്ച സംവിധാന പ്രതിഭ കെ ജി ജോര്‍ജിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയാണ് കെ ജി ജോര്‍ജെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പ്.
മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകര്‍ന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോര്‍ജ് സര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വയ്ക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.
കെ ജി ജോര്‍ജിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല. മോഹന്‍ലാലിനെ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നത് വലിയ നഷ്ടമായി പോയി എന്നാണ് കെ ജി ജോര്‍ജ് ഒരിക്കല്‍ പറഞ്ഞത്. മോഹന്‍ലാല്‍ ഒറിജിനല്‍ ആക്ടറാണ്. ഒരു സിനിമ മോഹന്‍ലാലുമായി പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് നടന്നില്ലെന്നും കെ ജി ജോര്‍ജ് പറഞ്ഞു.
മലയാള സിനിമയെ ഉഴുതുമറിച്ച മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍
മിദിലാജ് റഷീദ്
മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായ എണ്‍പതുകളില്‍, സിനിമയില്‍ പുതിയൊരു ഭാവുകത്വത്തിന് തുടക്കമിട്ട മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ആണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ ജി ജോര്‍ജ്ജ്. മലയാള സിനിമയെ വേറിട്ട കാഴ്ചകള്‍ കൊണ്ട് സമ്പന്നമാക്കിയ പ്രതിഭ.
മലയാള സിനിമയെ കെ.ജി ജോര്‍ജിന് മുന്‍പും ശേഷവും എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ വലിയ കാഴ്ചാ മാറ്റങ്ങള്‍ കൊണ്ടു വന്ന സംവിധായകനാണ് അദ്ദേഹം. മികച്ച അഭിനേതാവ് കൂടിയായ കെ.ജി ജോര്‍ജ് സിനിമകളില്‍ അഭിനേതാക്കളില്‍ നിന്ന് പ്രകടനത്തിന്റെ മാക്‌സിമം പിഴിഞ്ഞെടുത്തിരുന്നു.
പുതുതലമുറ സംവിധായകരില്‍ ഏറെപേര്‍ പാഠപുസ്തകമായി കാണുന്ന ചിത്രങ്ങള്‍ കെ ജി ജോര്‍ജ് ഒരുക്കി. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങിയ സംവിധായകര്‍ ഇത് പല കുറി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാലാതീതമായ കലയാണ് സിനിമ എന്ന് കെ.ജി ജോര്‍ജ് തന്റെ സിനിമകളിലൂടെ നിരന്തരം ഓര്‍മപ്പെടുത്തുന്നു.
1946 ല്‍ തിരുവല്ലയില്‍ ജനിച്ച ജോര്‍ജ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സിനിമാ പഠനം പൂര്‍ത്തിയാക്കിയത്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു.
1976 ല്‍ റിലീസ് ചെയ്ത ആദ്യ സിനിമ സ്വപ്നാടനം മുതല്‍ അവസാനമിറങ്ങിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകള്‍ പരിശോധിച്ചാല്‍ കെ ജി ജോര്‍ജ് എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാന്‍ഷിപ് മനസ്സിലാകും. വ്യത്യസ്ത അവതരണ രീതികള്‍, വ്യത്യസ്ത പശ്ചാത്തലങ്ങള്‍, വ്യത്യസ്ത ശൈലിയിലുള്ള സിനിമകള്‍. സ്വയം ആവര്‍ത്തിക്കപ്പെട്ടില്ല എന്നതാണ് കെ.ജി ജോര്‍ജ് എന്ന സംവിധായകന്റെ മികവ്.
മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി ഉയര്‍ത്താന്‍ പ്രയത്‌നിച്ച സംവിധായകരില്‍ പ്രധാനിയാണ് കെ.ജി ജോര്‍ജ്. നായികാ നായകന്മാരുടെ പ്രണയം, പ്രേമഗാനങ്ങള്‍ തുടങ്ങിയ സ്ഥിരം ചട്ടക്കൂടില്‍ നിന്നിരുന്ന 70കളിലെ സിനിമയില്‍ നിന്ന് സ്വപ്നാടനം പോലെ തികച്ചും ഓഫ്ബീറ്റായ ഒരു സിനിമയുമായി സിനിമയിലേക്ക് കടന്നു വരാന്‍ കെ ജി ജോര്‍ജ് ധൈര്യം കാട്ടി. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെയും കപടസദാചാരത്തെയും സിനിമകളിലൂടെ കെ ജി ജോര്‍ജ് ചോദ്യം ചെയ്തു.
സ്വപ്നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയ്ക്കും യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.
സ്വപ്നാടനത്തിനു ശേഷം അദ്ദേഹം ചെയ്ത ചില സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇളയരാജ ആദ്യമായി മലയാളത്തിലെത്തിയ 1997 വ്യാമോഹം. മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധ നേടിയില്ല.
പത്മരാജന്റെ തിരക്കഥയില്‍ ഒരുക്കിയ രാപ്പാടികളുടെ ഗാഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തികമായും ചിത്രം വിജയിച്ചു. എഴുപതുകളിലെ യുവാക്കളില്‍ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്നങ്ങളുമൊക്കെയാണ് സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയില്‍ പറയുന്നത്.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രമെന്ന് വിലയിരുത്താവുന്ന പഞ്ചവടിപ്പാലം, മലയാള സിനിമയില്‍ ഇന്നും ത്രില്ലര്‍ സിനിമകള്‍ക്ക് റെഫറന്‍സ് ആയി എടുക്കുന്ന എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രം യവനിക, മികച്ച സൈക്കോളജിക്കല്‍ ത്രില്ലറായ ഇരകള്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ മലയാള സിനിമയുടെ ദൃശ്യ പ്രമേയ ഭാവുകത്വത്തെ മാറ്റിമറിച്ചു.
സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016 ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.
ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിടപറയുന്നു, ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍...
അന്തരിച്ച ചലച്ചിത്ര പ്രതിഭ കെ ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിടപറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍. മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മമ്മൂട്ടി ആദ്യമായി ഒരു പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മേളയുടെ സംവിധായകനാണ് കെ ജി ജോര്‍ജ്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പൊലീസ് വേഷം നല്‍കിയതും കെ ജി ജോര്‍ജാണ്, 1980 ല്‍, യവനികയില്‍. ജോര്‍ജ് നിര്‍മാതാവായപ്പോഴും മമ്മൂട്ടിയായിരുന്നു നായകന്‍. 1992 ല്‍ പുറത്തുവന്ന മഹാനഗരം എന്ന ചിത്രം സംവിധാനം ചെയ്തത് ടി കെ രാജീവ് കുമാറായിരുന്നു. കെ ജി ജോര്‍ജിന്റെ അവസാന ചിത്രം, 1998 ല്‍ പുറത്തുവന്ന ഇലവങ്കോട് ദേശത്തിലെ നായകനും മമ്മൂട്ടിയായിരുന്നു. ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചു.
മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രങ്ങളാണ് മേളയിലെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയുടെ വേഷവും യവനികയിലെ പൊലീസ് വേഷവും. നടന്‍ ശ്രീനിവാസന്റെ ശുപാര്‍ശയിലാണ് മേളയിലെ വേഷം മമ്മൂട്ടിക്ക് കിട്ടിയത്.