ഷൂട്ടിങ് സമയത്ത് കുഴഞ്ഞു വീണു,ശരീരം സൂചന നല്‍കുകയായിരുന്നു; വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്

താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തെ കുറിച്ച് തുറന്നുപറയുകയാണ് പാര്‍വതി.

author-image
anu
New Update
ഷൂട്ടിങ് സമയത്ത് കുഴഞ്ഞു വീണു,ശരീരം സൂചന നല്‍കുകയായിരുന്നു; വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്

 

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാര്‍വതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ ജീവിതം ആരംഭിച്ചത. പിന്നീട് സിനിമകളില്‍ നിന്നും വിട്ടു നിന്നെങ്കിലും കുറച്ചു നാളുകള്‍ക്കു ശേഷം ഗംഭീര തിരിച്ചു വരവു തന്നെയാണ് താരം നടത്തിയിരുന്നത്. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പാര്‍വതി ആരാധകരെ ഞെട്ടിച്ചു. ഒടുവില്‍ ആ അഭിനയ മികവിന് സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

പല കാര്യങ്ങളിലും തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മടികാണിക്കാത്ത പാര്‍വതിക്ക്, വിമര്‍ശനങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനോടൊന്നും മുഖം കൊടുക്കാന്‍ താരം തയ്യാറായിരുന്നില്ല. ഇപ്പോഴിതാ താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തെ കുറിച്ച് തുറന്നുപറയുകയാണ് പാര്‍വതി.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ:

'ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ കുഴഞ്ഞു വീണു. ഉടനെ എന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അന്ന് ആദ്യമായി എന്റെ ശരീരം സൂചന നല്‍കുകയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഉള്ളിലൊതുക്കുന്നുണ്ട്. ശരീരത്തിന് അത് എടുക്കാന്‍ സാധിക്കില്ലെന്നുള്ള സൂചന. മനസ് ശരിയല്ലെങ്കില്‍ ശരീരം നിര്‍ത്തെന്ന് പറയും. അവിടെന്ന് സൈക്കോസെമാറ്റിക് ആയിട്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി. അന്ന് ഡോക്ടറിനടുത്ത് കൊണ്ട് പോയപ്പോള്‍ എനിക്ക് നെഞ്ചിനുള്ളില്‍ ഭയങ്കര വേദന ആയിരുന്നു. ശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ഞാന്‍ പറയുന്നത്.

അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു ശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണോ അറിയില്ല എന്നാണോ എന്ന്. അതെന്റെ ജീവിതം മാറ്റി മറിച്ചു. യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഞാന്‍ മറന്നുപോയി. എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞ് തരേണ്ടി വന്നു. 2014ലാണ് ഇത് നടക്കുന്നത്. ഞാന്‍ ഷോക്കായി പോയി. സഹോദരന് കാര്യങ്ങള്‍ അറിയാമായുന്നു. മാതാപിതാക്കള്‍ അറിയാന്‍ കുറച്ച് വൈകി.

എന്താണ് എനിക്ക് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. ആ ചോദ്യം ചോദിക്കുമ്പോള്‍ എനിക്ക് പാനിക്ക് അറ്റാക്ക് വരാന്‍ തുടങ്ങി. കാരണം ഉത്തരം എനിക്ക് അറിയില്ല. ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്നും ദേഹത്ത് വേദന വരുന്നുണ്ടെന്നും അറിയാം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദേഹത്ത് വേദനയില്ല. ഓരോ സിനിമകള്‍ കഴിയുന്തോറും പ്രശ്‌നങ്ങള്‍ സംഭവിക്കുന്തോറും ഇത് കൂടിക്കൂടി വന്നു. മാനസികാരോഗ്യത്തിന് തെറാപ്പി വളരെയധികം സഹായിച്ചു', എന്നാണ് പാര്‍വതി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍.

Latest News malayalam movie movie news parvathy thiruvoth