പൂനം പാണ്ഡേ ജീവിച്ചിരിക്കുന്നു! പച്ചക്കള്ളം പ്രചരിപ്പിച്ചതെന്തിന്?

താന്‍ മരിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൂനം പാണ്ഡേതന്നെ രംഗത്തെത്തിയിരിക്കുകയാണ്.

author-image
Web Desk
New Update
പൂനം പാണ്ഡേ ജീവിച്ചിരിക്കുന്നു! പച്ചക്കള്ളം പ്രചരിപ്പിച്ചതെന്തിന്?

ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടിയും മോഡലുമായ പൂനം പാണ്ഡേ ഗര്‍ഭാശയ ക്യാന്‍സറിനെ തുടര്‍ന്ന് നിര്യാതയായി എന്ന വാര്‍ത്ത ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഈ  പോസ്റ്റിനെ തുടര്‍ന്നാണ് ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്ത വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. മരണവാര്‍ത്ത പൂനത്തിന്റെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളുവാനാകുമായിരുന്നില്ല. ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള ഒരു സൂചനയും മുമ്പ് നടി നല്‍കിയിരുന്നില്ല. മരണവാര്‍ത്തയോട് ഇവരുടെ കുടുംബം പ്രതികരിക്കാത്തതും സംശയങ്ങള്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കി.

എന്നാല്‍ വാര്‍ത്ത വന്ന് കൃത്യം ഒരു ദിവസത്തിനുശേഷം താന്‍ മരിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൂനം പാണ്ഡേതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗര്‍ഭാശയ ക്യാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത താന്‍ പ്രചരിപ്പിച്ചതെന്ന് നടി വെളിപ്പെടുത്തി. ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ അപഹരിച്ച ഈ രോഗം മറ്റ് ക്യാന്‍സര്‍ രോഗങ്ങളെ പോലെയല്ലെന്നും പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാനാകുമെന്നും പൂനം പറയുന്നു.

ആരാധകര്‍ക്ക് മാനസിക വിഷമമുണ്ടായതില്‍ നടി മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും നല്‍കുന്ന വിശദീകരണം പക്ഷേ ആര്‍ക്കും തൃപ്തി നല്‍കുന്നില്ല. തന്റെ മരണ വാര്‍ത്തയിലൂടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ അവബോധം കൂടുതല്‍ പേരിലേക്കെത്തിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് നടി പറയുന്നുണ്ടെങ്കിലും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലേക്ക് കൂടുതല്‍ ട്രാഫിക് ഉണ്ടാക്കുവാനായി ചെയ്ത തരംതാണ വിദ്യയായി ഈ സോഷ്യല്‍ മീഡിയ സ്റ്റണ്ടിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

പല സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും ഇത്തരത്തിലുള്ള രോഗങ്ങളുടെയും മരണത്തിന്റെയും വ്യാജവാര്‍ത്തകള്‍ പ്രശസ്തിക്കായി പുറത്തു വിട്ടിട്ടുണ്ട്. പൂനം പാണ്ഡേയുടെ മരണവാര്‍ത്തയും ഒരു പി ആര്‍ ഏജന്‍സി തയാറാക്കിയതാണെന്നുള്ള ആരോപണങ്ങളും പുറത്തുവരുന്നുണ്ട്. ഒരു ദിവസമെങ്കിലും വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാനുള്ള ഇവരുടെ ശ്രമങ്ങളില്‍ കാന്‍സര്‍ രോഗത്തെയും കൂട്ടുപിടിക്കുകയായിരുന്നു എന്ന് ആരോപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

Latest News movie news news updates