/kalakaumudi/media/post_banners/e89fb4c153756d86069d77af4544b617f15912c5144a904769d4eb6a8e1067bb.jpg)
തിരുവനന്തപുരം: ഇന്ദ്രന്‍സിനെ ആദരിച്ചു കൊണ്ട് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. മുമ്പ് കല്ലിയൂര്‍ ശശി നിര്‍മ്മിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ് ആവശ്യപ്പെട്ട പ്രതിഫലത്തുകയെ കുറിച്ചുള്ള കഥയാണ് പ്രിയദര്‍ശന്‍ പങ്കുവച്ചത്. നര്‍മത്തില്‍പ്പൊതിഞ്ഞ പ്രിയദര്‍ശന്റെ പ്രഭാഷണം സദസ്സിലാകെ ചിരിപടര്‍ത്തി. പണ്ട് കല്ലിയൂര്‍ ശശി നിര്‍മിച്ച ഒരു ചിത്രത്തില്‍ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രന്‍സെത്തി.
ചിത്രത്തില്‍ പ്രതിഫലമായി ഇന്ദ്രന്‍സ് പറഞ്ഞത് 15000 രൂപയാണ്. എന്നാല്‍ 5000 രൂപയില്‍ കൂടുതല്‍ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വെച്ച് അഭിനയിപ്പിച്ചോളാമെന്നും കല്ലിയൂര്‍ ശശി പറഞ്ഞു.
എന്നാല്‍ ഇതിനകം, ഇതേ സിനിമയില്‍ രണ്ടു ദിവസം ഇന്ദ്രന്‍സ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രന്‍സ് ചോദിച്ചു -'ഞാന്‍ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങള്‍ റീഷൂട്ട് ചെയ്യാന്‍ എത്ര രൂപയാകും'? 40000 വരെയാകുമെന്ന് ശശി മറുപടി പറഞ്ഞു. അപ്പോള്‍ വളരെ നിഷ്‌കളങ്കമായി ഇന്ദ്രന്‍സ് പറഞ്ഞത് 'എനിക്ക് 15000 രൂപ തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ' എന്നായിരുന്നു.
ദേഷ്യത്തില്‍ നിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചതായും പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയില്‍ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴില്‍വച്ച് സിനിമയിലേയ്‌ക്കെത്തി. ചെറിയ വേഷങ്ങള്‍ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതല്‍ മികവുറ്റ വേഷങ്ങളിലേക്ക് എത്തിച്ചേര്‍ന്നു -പ്രിയദര്‍ശന്‍ പറഞ്ഞു.