
വില്ലനായും ഹാസ്യതാരമായും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രാജന്‍ പി ദേവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. മണ്‍മറഞ്ഞ് 14 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജന്‍ പി ദേവ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ അതേപടി നിലനില്‍ക്കുന്നു.
തന്‌റേതായ ശൈലി കൊണ്ട് വില്ലന്‍ വേഷങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വില്ലന്‍ കഥാപാത്രങ്ങളില്‍ പോലും അല്‍പ്പം നര്‍മ്മം കലര്‍ത്തിയാണ് രാജന്‍ പി ദേവ് പലപ്പോഴും പ്രേക്ഷക മനസുകളെ കീഴടക്കിയത്. മോഹന്‍ലാല്‍ നായകനായ ഇന്ദ്രജാലം എന്ന ചിത്രത്തിലെ കാര്‍ലോസ് എന്ന കഥാപാത്രം മുതല്‍ നൂറുകണക്കിന് വില്ലന്‍ വേഷങ്ങളാണ് രാജന്‍ പി ദേവ് കൈകാര്യം ചെയ്തത്.
1983ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മ ആയിരുന്നു രാജന്‍ പി ദേവിന്റെ ആദ്യ ചിത്രം. പിന്നീട് 150ഓളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ഇതിനിടെ സംവിധായകന്റെ കുപ്പായമണിഞ്ഞ രാജന്‍ പി ദേവ് മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അജ്മല്‍ സംവിധാനം ചെയ്ത റിംഗ് ടോണ്‍ ആണ് രാജന്‍ പി ദേവിന്റെ അവസാന ചിത്രം.