ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സ്‌റ്റൈല്‍ മന്നന്‍! രജനിയുടെ ജയിലര്‍ എത്തുമ്പോള്‍...

ജീവിതം, ആക്ടിംഗ് കരിയര്‍, കയറ്റിറക്കങ്ങള്‍, സൂപ്പര്‍ സ്റ്റാര്‍, സിനിമകള്‍....

author-image
Greeshma Rakesh
New Update
ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സ്‌റ്റൈല്‍ മന്നന്‍! രജനിയുടെ ജയിലര്‍ എത്തുമ്പോള്‍...

 

 

രജികാന്ത്. ഇന്ത്യന്‍ സിനിമയിലെ ഒരേയോരു റിയല്‍ സൂപ്പര്‍ സ്റ്റാര്‍. തമിഴ് വേരുകള്‍ ഒട്ടുമില്ലാതെ, തമിഴ് ജനതയുടെ ഹൃദയത്തില്‍ താരസിംഹാസനം സ്വന്തമാക്കിയ താരം. സ്വതസിദ്ധമായ ശൈലിയിലൂടെ തമിഴ് സിനിമയില്‍ ആഴത്തില്‍ വേരുറപ്പിച്ച വന്‍ മരം. രജനിയുടെ കാലം കഴിഞ്ഞെത്തു ചിലര്‍ വിഴിയെഴുതി. ഇപ്പോഴിതാ തിയേറ്ററുകളില്‍ ഉത്സവാന്തരീക്ഷം നിറച്ച പുതിയ ചിത്രം ജയിലര്‍ മുന്നേറുന്നു...

 

 

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് രജനികാന്ത്. തന്റേതായ അഭിനയ ശൈലിയും സ്റ്റൈലും ആരാധകരെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെ വരെ അതിശയിപ്പിച്ചിട്ടുണ്ട്. ' തലൈവര്‍ ' എന്ന് ആരാധര്‍ വിളിക്കുന്ന രജനികാന്തിന്റെ യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ് എന്നാണ്.

കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠി കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബംബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു.

 

താരകുടുംബ പശ്ചാത്തലമോ ബന്ധങ്ങളോ ഇല്ലാത്ത സാധാരണ കുടുംബമായിരുന്നു രജനികാന്തിന്റേത്. എന്തിന് ഏറെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും.കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.പിന്നീട് അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു ജീവിതം. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു വിദ്യാഭ്യാസം.

ബാല്യകാലത്ത് തന്നെ അമ്മ മരിച്ചതിനാല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതായി.അതോടെ അദ്ദേഹം മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും എത്തി. മാത്രമല്ല വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്നത് രജനി പതിവാക്കി. പത്താം ക്ലാസ് പഠനത്തിനു ശേഷം കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ ആഗ്രഹത്തെ തച്ചുടച്ച് എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യത്തില്‍ മദ്രാസിലേക്ക് പുറപ്പെട്ടു.

സിനിമയില്‍ ഒരു അവസരത്തിനായി മദ്രാസില്‍ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല.അതോടെ കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാന്‍ ശ്രമിച്ചു.എന്നാല്‍ പോക്കറ്റ് കാലിയായതോടെ തിരികെ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി.

 

സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ രജനികാന്തിന്റെ സ്വഭാവം നന്നാക്കാം എന്ന് വാചാരിച്ച് മൂത്ത സഹോദരന്‍ സത്യനാരായണ റാവു അദ്ധേഹത്തിന് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി.അപ്പോഴും അഭിനയമോഹത്തില്‍ മാറ്റമുണ്ടായില്ല. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും രജനി നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ട് പത്രങ്ങളില്‍ വന്ന പരസ്യം ശ്രദ്ധയില്‍ പെട്ടു.

സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യം ഉള്ളില്‍ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാന്‍ സുഹൃത്തായ രാജ് ബഹാദൂര്‍ നിര്‍ബന്ധിച്ചു. 1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുത്തതും രാജ് ബഹാദൂര്‍ ആയിരുന്നു.

 

1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ ബാലചന്ദര്‍ തന്നെ ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റി. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.

ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷമാണ് സിനിമാരംഗത്ത് രജനിയെ പ്രമുഖനാക്കിയത്.

 

എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്.1978ല്‍ ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന തമിഴ് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ രജനികാന്ത് അഭിനയിക്കാന്‍ തുടങ്ങി.

 

1980കളിലാണ് രജനിയുടെ അഭിനയ ജീവിതത്തില്‍ മറ്റുചില സംഭവങ്ങള്‍ അരങ്ങേറിയത്. അക്കാലത്ത് അദ്ദേഹം അഭിനയം നിര്‍ത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ആ സമയത്ത് പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി.

അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. പിന്നീട് അങ്ങോട്ട് രജനിയുടെ കാലമായിരുന്നു.ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു.

 

കെ. ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ രജനികാന്തിന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി.അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജനിയുടെ അഭിനയജീവിതത്തിന് ശക്തിപകര്‍ന്നത്.തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും തന്റെ അഭിനയമികവ് തെളിയിക്കാന്‍ സാധിച്ചു.അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ പിടിച്ചുനില്‍ക്കാനായില്ല.1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

 

1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്രനേട്ടം സ്വന്തമാക്കി.ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാന്‍കാരുടെ പ്രിയങ്കരനായി.

ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയിലാണ് രജനി.2007ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.പക്ഷെ രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ ബോക്‌സ് ഓഫീസില്‍ തകര്‍ന്നപ്പോഴും വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി.

 

1995ല്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചു.രജനിയുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് 130 സീറ്റ്വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

1996ല്‍ കോണ്‍ഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജനി ഡി.എം.കെടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പില്‍ സൈക്കിള്‍ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പാര്‍ട്ടി പോസ്റ്ററുകളില്‍ ഉപയോഗിച്ചത്.

എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജനി പ്രഖ്യാപിച്ചു.1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജനി ഡി.എം.കെടി.എം.സി മുന്നണിക്കൊപ്പമായിരുന്നു.കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.ഐ.എ.ഡി.എം.കെബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു.2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി.

നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കണ്ട് നദീബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു.2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനി ബി.ജെ.പിഎ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴുംവിമര്‍ശനങ്ങള്‍ക്കും ഇടയാക്കിട്ടുണ്ട്.

2017 രജനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചു. അണ്ണാ ഡി എം കെ മന്ത്രിമാരായ വേലുമണി സെല്ലുര്‍ കെ രാജു എന്നിവര്‍ രജനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്തു.1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു.ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് മക്കള്‍.

 

പലപ്പോഴും സിനിമയേക്കാള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് രജനിയുടെ സ്റ്റൈലന്‍ നമ്പറുകള്‍ക്കായാണ്. 70 വയസ്സിനിപ്പുറവും ന്യൂജന്‍ താരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ തനിയ്ക്കാകുമെന്ന് തെളിയിക്കുന്നതാണ് നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ജയിലര്‍. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സൂപ്പര്‍സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവാണ് ജയിലര്‍.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററിലെത്തുന്നത്. അവസാനമിറങ്ങിയ ചിത്രങ്ങള്‍ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ അതൊക്കെ മാറ്റിമറിച്ചിരിക്കുകയാണ് നെല്‍സണ്‍ ചിത്രത്തിലൂടെ രജനികാന്ത്. ആദ്യമായി മോഹന്‍ലാല്‍ രജനീകാന്തിനൊപ്പമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

രജനികാന്തിന്റെ മാത്രമല്ല, സംവിധായകന്‍ നെല്‍സന്റെയും തിരിച്ചുവരവായി ചിത്രത്തെ കണക്കാക്കാം. വിജയ് നായകനായ ബീസ്റ്റിന് വന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ ഏറെ ബാധിച്ച സംവിധായകനാണ് നെല്‍സണ്‍. തന്റെ സിനിമ കരിയര്‍ ഭീഷണിയിലായിരുന്ന നെല്‍സണ്‍ സൂക്ഷിച്ചാണ് ജയിലറിനെ സമീപിച്ചിരിക്കുന്നത്. കേരളത്തിലുള്‍പ്പടെ രജനി ചിത്രത്തിന് ധാരാളം ആരാധകരുണ്ട്.

 

രജനിയുടെ 169-ാം ചിത്രം കൂടിയാണ് 'ജയിലര്‍'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം താരത്തിന്റെ കരിയറിലെ അവസാന ചിത്രമായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനിരുദ്ധിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ പാട്ടുകളും വൈറലായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം റിലീസിന് മുന്‍പേ വമ്പന്‍ ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ് ജയിലര്‍.

 

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിലെത്തിയത്. വിശ്രമജീവിതം നയിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന് ഒരു ഘട്ടത്തില്‍ കുടുംബത്തിന്റെ രക്ഷകനായി മാറേണ്ടിവരുന്നു. തുടര്‍ന്ന് നേരിടേണ്ടി വരുന്നത് നാടിനെ വിറപ്പിക്കുന്ന ഒരു ഗുണ്ടാസംഘത്തേയും. ഇതിനു പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങള്‍ ചെറിയ തമാശകളൊക്കെ ചേര്‍ത്ത് മാസായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.

 

രജനീകാന്തിന്റെ മകനായ പോലീസുകാരനായി വസന്ത് രവി വേഷമിടുന്നു. മുത്തുവേല്‍ പാണ്ഡ്യന്റെ ഭാര്യയായി രമ്യകൃഷ്ണന്‍ എത്തുന്നു. വിനായകനാണ് പ്രതിനായക വേഷത്തിലെത്തുന്നത്.ചിത്രത്തിന്റെ ജീവന്‍ അനുരുദ്ധിന്റെ സംഗീതമാണ്.

സാധാരണയായി മാറുമായിരുന്ന രംഗത്തെപ്പോലും ഗംഭീര അനുഭവമാക്കാന്‍ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനായി.പൊതുവെ രജനി പടങ്ങളില്‍ ഉള്ള മുഴുനീളന്‍ മാസ് ഡയലോഗുകളൊക്കെ പരമാവധി സംവിധായകന്‍ കുറച്ചിട്ടുണ്ട്.

 

വമ്പന്‍ താരനിരയുമായാണ് ജയിലര്‍ എത്തുന്നത്. ശിവ രാജ്കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, വിനായകന്‍, വസന്ത് രവി, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തില്‍ രജനീകാന്ത് എന്ന നടനെയും താരത്തേയും ഒരുനാണയത്തിന്റെ ഇരുവശങ്ങളായി സംവിധായകന് അവതരിപ്പിക്കാനായി.

സംഘട്ടനരംഗങ്ങള്‍ പരമാവധി കുറച്ച് പകരം സ്റ്റൈലിഷ് രംഗങ്ങള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.കോമഡി കലര്‍ത്തിയുള്ള തന്റെ സ്ഥിരം കഥപറച്ചില്‍ ശൈലി തന്നെയാണ് ജയിലറിലും നെല്‍സന്‍ ഉപയോഗിച്ചിട്ടുള്ളത്. ഭൂരിഭാ?ഗം തമാശകള്‍ക്കും മാസ് രംഗങ്ങള്‍ക്കും തിയേറ്ററില്‍ ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. ചിരുക്കത്തില്‍ പറഞ്ഞാല്‍ ഒരു രജനി ഷോയാണ് ചിത്രം. സ്റ്റൈലിഷായ രജനികാന്തിനെ ചിത്രത്തില്‍ കാണാം. അതിനാല്‍ രജനികാന്ത് ആരാധകന് ഒന്നുകൂടി ചിന്തിക്കാതെ തന്നെ ടിക്കറ്റെടുക്കാന്‍ സാധിക്കുന്ന ചിത്രമാണ് ജയിലര്‍.

 

life rajinikanth Movies jailer movie Tamil Movie Industry