/kalakaumudi/media/post_banners/1d383de6e9b83b7ae331dff96d5d58cbea1e024d7ac5663cd65eacb18ba03f0d.jpg)
മതം സിനിമയില്‍ ഇടപ്പെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍. വിവേകാനന്ദന്‍ വൈറലാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ദ ഫോര്‍ത്തിനോട് പങ്കുവെക്കവെയാണ് കമലിന്റെ വാക്കുകള്‍.
'കാതലിനു എതിര്‍പ്പ് വന്നത് മതങ്ങളില്‍ നിന്നാണ്. കാതലിനെതിരെ സംസാരിച്ചത് മുസ്ലിം- ക്രിസ്ത്യന്‍ മതങ്ങളാണ്. മത പുരോഹിതന്മാരും, മതം തലയ്ക്കു പിടിച്ച സമൂഹവും കലയിലേയ്ക്ക് കടന്ന് വരാന്‍ തുടങ്ങിയാല്‍ വലിയ കുഴപ്പമാണ്. ദയവ് ചെയ്തു കലയിലെങ്കിലും ഇടപെടാതെ ഇരിക്കുക. കലാകാരന്മാരെ വെറുതെ വിടുക. മതം ഇടപ്പെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. പക്ഷേ അവര്‍ ഇടപെട്ടാലും പ്രേക്ഷകര്‍ സ്വീകരിക്കാന്‍ തയ്യാറാണ്,'' കമല്‍ ദ ഫോര്‍ത്തിനോടുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
'1970 ല്‍ ലെസ്ബിയന്‍ വിഷയം കൈകാര്യം ചെയ്യുന്ന രണ്ട് പെണ്‍കുട്ടികളെന്ന സിനിമ ഇവിടെ വലിയ പ്രശ്‌നം ഒന്നും ഉണ്ടാക്കിയില്ല. കുറച്ചു പേര്‍ കണ്ടു. ലെസ്ബിയന്‍ വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങുന്നതിനും മുമ്പാണ് അത്. പിന്നീട് ദേശാടന കിളികള്‍ കരയാറില്ല എന്ന പത്മരാജന്റെ സിനിമയും വന്നു. എന്നാല്‍, പിന്നീട് ന്യൂക്ലീയര്‍ ഫാമിലി വന്നതിനു ശേഷം നമ്മുടെ സമൂഹം വേറെ ഒരു രീതിയിലേയ്ക്ക് മാറി. സിനിമകളില്‍ പ്രത്യേകിച്ച് ഇല്ലാത്ത ഒരു മോറാലിറ്റി ഉണ്ടായിവരുന്ന കാഴ്ച നമ്മള്‍ കണ്ടു, ' കമല്‍ പറഞ്ഞു.
1980 കളിലും 1990 കളിലും അത്തരം ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടു. അതിന്റെ ഭാഗമായി എനിക്ക് ഒക്കെ ഒരുപാട് സിനിമകളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നു. അത് എന്റെ ഒക്കെ കുഴപ്പമാണ്. അന്നത്തെ കാലമാണ്. നമുക്ക് ഒരു വഴി ഉണ്ടാകണമല്ലോ. ആ വഴി ഉണ്ടായ കാലമാണ് ഇപ്പോള്‍. ന്യൂ ജനറേഷന്‍ സിനിമയില്‍ മാത്രമല്ല ഈ മാറ്റം സംഭവിച്ചത്. നമ്മുടെ മൊത്തം സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടാണ് 'കാതലിനെ' ആ രീതിയില്‍ സ്വീകരിക്കാന്‍ കഴിയുന്നത്, ' കമല്‍ കൂട്ടിച്ചേര്‍ത്തു.