/kalakaumudi/media/post_banners/207c1b43744cd32b7141f8c4651bdbf867558bc5f8bc73cac9b370c9f42f8355.jpg)
ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ചിത്രമാണ് സലാര്‍. മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസിനു മുമ്പു തന്നെ ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഇന്ത്യയിലെ തന്നെ സൂപ്പര്‍ സ്റ്റാര്‍ സംവിധായകരില്‍ ഒരാളായ പ്രശാന്ത് നീല്‍ ആണ് ചിത്രം ഒരുക്കിയത്. വന്‍ ഹൈപ്പില്‍ എത്തിയ ചിത്രം പ്രതീക്ഷ തെറ്റിച്ചില്ല. ചിത്രം വമ്പന്‍ വിജയമായി മാറുകയാണ്.
രണ്ടാം വാരത്തിലും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് സലാറിന് ലഭിക്കുന്നത്. സൂപ്പര്‍ മെഗാ ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രം ഇതുവരെ 550 കോടി രൂപയാണ് സ്വന്തമാക്കിയത്. ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം തന്നെ.
ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗാണ്ടുര്‍, കെ. വി. രാമ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ദേവയായി പ്രഭാസും വരദരാജ മന്നാര്‍ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് അത്ഭുത ലോകം തീര്‍ത്തിരിക്കുകയാണ് പ്രശാന്ത് നീല്‍.
നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ചിത്രം ഓഡിയന്‍സിന് നല്‍കുന്നത്. തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ കൊണ്ടും തിയേറ്ററുകളില്‍ ചിത്രം ആവേശമായി മാറിക്കഴിഞ്ഞു.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കേരളത്തിലെ തിയേറ്ററുകളില്‍ സലാര്‍ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.