ലോകേഷിന്റെ 'തലെെവർ 171'; രജനികാന്തിനൊപ്പം ശിവ കാർത്തികേയനും എത്തുമെന്ന് റിപ്പോർട്ട്

By Greeshma Rakesh.28 11 2023

imran-azhar

 

 

രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ ശിവ കാർത്തികേയനും എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അണിയറപ്രവർത്തകർ ശിവകാർത്തികേയനെ സമീപിച്ചുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

 

രജനി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തലെെവർ 171' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ലോകേഷ് ചിത്രം.ചിത്രത്തിൽ അതിഥി വേഷത്തിലാകും ശിവ കാർത്തികേയൻ എത്തുക.ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രജനികാന്തിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹവുമൊത്ത് സിനിമ ചെയ്യാനായി താൻ കാത്തിരിക്കുകയാണെന്നും ശിവ കാർത്തികേയൻ മുൻപ് പലതവണ പറഞ്ഞിട്ടുണ്ട്.

 

സയൻസ് ഫിക്ഷൻ ശ്രേണിയിൽപ്പെട്ട 'അയലാൻ' ആണ് ശിവ കാർത്തികേയന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാകുൽ പ്രീത് ആണ് നായിക. 2015ൽ പുറത്തിറങ്ങിയ 'ഇൻട്ര് നേട്ര് നാളൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ ആണ് 'അയലാൻ' ഒരുക്കുന്നത്.

 


ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന 'തലെെവർ 171' സൺ പിക്ചേഴ്സാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലുൾപ്പെട്ട ചിത്രമായിരിക്കില്ല 'തലെെവർ 171' എന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വമ്പൻ ബജറ്റിലായിരിക്കും ചിത്രമെത്തുക.

 

 

OTHER SECTIONS