/kalakaumudi/media/post_banners/7b7e3a1d10389a3fcd029254513f4d532ba1be06b5103980ddb30443c462b1d3.jpg)
മകളുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഉള്ളുലയ്ക്കുന്ന കുറിപ്പുമായി തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകള്‍ക്കൊപ്പം ഞാനും മരിച്ചു. വിട്ടുപോയെങ്കിലും അവള്‍ എന്നും കൂടെയുണ്ടാകും. ജീവിതത്തില്‍ ഇനി ചെയ്യുന്ന എല്ലാ കാര്യങ്ങളും മകള്‍ക്ക് വേണ്ടിയായിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും കരുതുന്നു. വിജയ് ആന്റണി കുറിച്ചു.
വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്.
പ്രിയപ്പെട്ടവരേ, ധൈര്യവും ദയയുമുള്ളവളായിരുന്നു എന്റെ മകള്‍ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവള്‍ യാത്രയായി.
ഇപ്പോഴും അവള്‍ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിജയ് ആന്റണിയുടെ മൂത്തമകള്‍ മീര ജീവനൊടുക്കിയത്. ചെന്നൈ ടികെ നഗറിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മീരയെ ഫാസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക സമ്മര്‍ദ്ദമാണ് മീരയുടെ ജീവനെടുത്തത്.
വിജയ് കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. അതിനുശേഷം ഏറെ ദുരിതങ്ങള്‍ സഹിച്ചാണ് വിജയിനെയും സഹോദരിയെയും അമ്മ വളര്‍ത്തിയത്.
ജീവിതത്തില്‍ എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുതെന്നതെന്ന് അഭിമുഖങ്ങളിലും വേദികളും വിജയ് പലവട്ടം പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയത്തിന്റെ പടവുകള്‍ കയറിയ വിജയ് ചെറുപ്പക്കാര്‍ക്ക് എന്നും പ്രചോദനമാണ്.
വിജയിന്റെ വാക്കുകള്‍ കേള്‍ക്കാനും ജീവിതത്തില്‍ പകര്‍ത്താനും നിരവധി പേര്‍ ഉണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും ആത്മഹത്യാപ്രവണത വര്‍ദ്ധിക്കുന്നതിലെ ആശങ്ക വിജയ് പങ്കുവച്ചിരുന്നു.
ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മൂത്തമകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.
സംഗീത സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായ വിജയ് ആന്റണി, നിര്‍മാതാവ്, നടന്‍, ഗാനരചയിതാവ്, എഡിറ്റര്‍, ഓഡിയോ എന്‍ജിനീയര്‍, സംവിധായകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
