ചിയാന്‍ വിക്രമിന്റെ 'തങ്കലാന്‍' ടീസര്‍ കണ്ടവര്‍ ആശയക്കുഴപ്പത്തില്‍! വിശദീകരണവുമായ് വിക്രമിന്റെ മാനേജര്‍...

By Greeshma Rakesh.03 11 2023

imran-azhar

 


വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് ചിയാന്‍ വിക്രം. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്.

 

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ടീസറില്‍ ഡയലോഗുകളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട വിക്രമിനെ കണ്ട് സിനിമയിലും വിക്രമിന് ഡയലോഗില്ലെ എന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഇതിന് മറുപടി എന്നോണം വിക്രമിന്റെ മാനേജര്‍ എം സൂര്യനാരായണന്‍ ട്വിറ്ററിലിട്ട പോസ്റ്റ് ശ്രദ്ധ നേടുന്നു.

 

മാനേജര്‍ പറഞ്ഞതിങ്ങനെ, 'തങ്കാലനില്‍ ചിയാന്‍ സാറിന് ഡയലോഗ് ഇല്ല എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആശയക്കുഴപ്പം ശ്രദ്ധയില്‍ പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു, 'തങ്കാലന്‍'നില്‍ ലൈവ് സിങ്ക് സൗണ്ടാണ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ തീര്‍ച്ചയായും വിക്രം സാറിന് ഡയലോഗുകള്‍ ഉണ്ട്. ഒരു റിപ്പോര്‍ട്ടര്‍ വിക്രം സാറിനോട് സിനിമയില്‍ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ടീസറി'ല്‍ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സാര്‍ തമാശ രൂപേണ പറഞ്ഞതാണ്.'

 


ചരിത്രത്തോടൊപ്പം മിത്ത് ചേര്‍ത്ത്, കെജിഎഫ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പാ.രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്താണ് നായിക. മാളവിക മോഹനും പശുപതിയും സുപ്രധാന വേഷത്തിലെത്തുന്നു.സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ് നിര്‍മ്മിക്കുന്ന 'തങ്കലാന്‍' 2024 ജനുവരി 26ന് തിയറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ 'കെ.ജി.എഫ്'ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

 


തമിഴിലെ ഹിറ്റ് മേകറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി.വി പ്രകാശ്കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിഷോര്‍ കുമാറും ചിത്രസംയോജനം ആര്‍.കെ സെല്‍വയുമാണ് നിര്‍വഹിക്കുന്നത്.
കലാസംവിധാനം: എസ് എസ് മൂര്‍ത്തി, ആക്ഷന്‍ കൊറിയോഗ്രഫി: സ്റ്റന്നര്‍ സാം, പിആര്‍ഒ: ശബരി.

OTHER SECTIONS