ടൊവിനോ ചിത്രം 'നടികര്‍ തിലകം' ഇനി 'നടികര്‍' ; പുതിയ ടൈറ്റില്‍ പ്രഖ്യാപിച്ച് തമിഴ് നടന്‍ പ്രഭു

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' നടികര്‍ തിലകം'. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

author-image
anu
New Update
ടൊവിനോ ചിത്രം 'നടികര്‍ തിലകം' ഇനി 'നടികര്‍' ; പുതിയ ടൈറ്റില്‍ പ്രഖ്യാപിച്ച് തമിഴ് നടന്‍ പ്രഭു

 

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' നടികര്‍ തിലകം'. എന്നാല്‍
ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. നടികര്‍ തിലകം ശിവാജി ഗണേഷന്റെ മകനും നടനുമായ പ്രഭുവാണ് ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത്. 'നടികര്‍' എന്നാണ് ചിത്രത്തിന്റെ പുതിയ പേരെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പ്രഭുവിന്റെ ഫോണ്‍ കോള്‍ തനിക്കു വന്നിരുന്നുവെന്ന് ടൈറ്റില്‍ പ്രഖ്യാപന ചടങ്ങില്‍ ലാല്‍ പറഞ്ഞു. മലയാളത്തില്‍ നടികര്‍തിലകം എന്ന പേരില്‍ ഒരു സിനിമ നടക്കുന്നുണ്ട്. നടികര്‍തിലകം എന്ന പേര് തന്റെ അച്ഛന് പ്രേക്ഷകര്‍ നല്‍കിയ പേരാണ്. ആ പേര് വിഭജിച്ചു പോകുന്നത് ശരിയല്ല പറ്റുമെങ്കില്‍ അതൊന്നു മാറ്റിത്തരാനുള്ള സൗകര്യം ചെയ്തു തരുമോയെന്നും പ്രഭു ചോദിച്ചതായി ലാല്‍ പറഞ്ഞു.

അതിന് മറുപടിയായി ലാല്‍ പറഞ്ഞതിങ്ങനെ:

' ആ സിനിമ സംവിധാനം ചെയ്യുന്നത് എന്റെ മകനാണ്. ഇത് അദ്ദേഹം പ്രതീക്ഷിച്ചതായിരുന്നില്ല. അവര്‍ക്കു ബുദ്ധിമുട്ടില്ലെങ്കില്‍ മതി എന്നും പറഞ്ഞു. കൂടാതെ ഒരു മെസ്സേജും അയച്ചു. നടികര്‍തിലകം ഷൂട്ടിംഗ് അപ്പോള്‍ കാഷ്മീരിലാണു നടക്കുന്നത്. അവരുമായി സംസാരിച്ച് മറുപടിക്കായി ഒരാഴ്ച്ചത്തെ സമയം ഞാന്‍ പ്രഭുസാറിനോട് ചോദിച്ചു. കാശ്മീരില്‍ എനിക്കും പോകേണ്ടതുണ്ട്. അവിടെച്ചെന്ന് നേരില്‍ അവരുമായി സംസാരിക്കണം. എന്നാല്‍ ഞാന്‍ പിറ്റേ ദിവസം തന്നെ കാശ്മീരിലേക്കു പോയി. സംവിധായകനും, നിര്‍മ്മാതാക്കളുമായി സംസാരിച്ചു. ജീന്‍ പറഞ്ഞത് പപ്പാ..നമുക്ക് പേരു മാറ്റാം. അവരുടെ ഒരു വിഷമം നമ്മള്‍ കാണാതിരിക്കരുത്.. ഒരു ശാപം വരുത്തിവയ്ക്കണ്ട. നമുക്കു പുതിയ പേര് കണ്ടുപിടിക്കാം എന്നായിരുന്നു. അപ്പോള്‍ത്തന്നെ ഞാന്‍ പ്രഭു സാറിനെ വിളിച്ച് ഈ വിവരം പറഞ്ഞു. കൂടാതെ ചിത്രത്തിന് പുതിയൊരു പേരിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.'

ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ഫംങ്ഷനായിട്ടാണ് ഈ ചടങ്ങ് നടത്തിയതെങ്കിലും പുതിയ പേര് പ്രഭു സാറിനെക്കൊണ്ടുതന്നെ അനൗണ്‍സ് ചെയ്യിക്കുകയെന്നതായിരുന്നു മുഖ്യ ചടങ്ങ്. വലിയ പ്രചാരം നേടിയ ടൈറ്റിലാണ് നടികര്‍ തിലകം. നടികറും ഇനി അതേപോലെ തന്നെ വാര്‍ത്താപ്രാധാന്യം നേടണം. അതിനായി മാധ്യമങ്ങളുടെ എല്ലാ പിന്തുണയും നേടുന്നതായി ലാല്‍ പറഞ്ഞു.

നടികറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് തനിക്ക് മലയാള സിനിമയേക്കുറിയ്യുള്ള ആത്മബന്ധത്തെക്കുറിച്ച് പ്രഭു സംസാരിച്ചു. ലാലുമായുള്ള ദീര്‍ഘനാളത്തെ ബന്ധത്തേയും മോഹന്‍ലാലിന്റെ കുടുംബവുമായുള്ള അടുപ്പവും ഇവിടെ അനുസ്മരിച്ചു.

തന്റെ ഒരു റിക്വസ്റ്റ് സ്വീകരിക്കുകയും, പകരം പുതിയൊരു പേരു നിശ്ചയിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രഭു അഭിനന്ദിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

' വളരെ ഹാന്റ്‌സം പെഴ്‌സണാലിറ്റിയാണ് ടൊവിനോ. ' നടികര്‍' ആയി ഏറെ തിളങ്ങട്ടെ. ഈ ചിത്രത്തിന്റെ വിജയാഘോഷവേളയില്‍ ഞാനും പങ്കാളിയാകും' എന്ന് പ്രഭു പ്രതികരിച്ചു. ചിത്രം മെയ് മൂന്നിന് തീയറ്ററിലെത്തും.

ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്ണ, ഛായാഗ്രാഹകന്‍ ആല്‍ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍,മറ്റ് അണിയാ പ്രവര്‍ത്തകര്‍ , നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ഉടമ നവീന്‍ യേര്‍നേനി,. ഗോഡ് സ്പീഡ് കമ്പനി സാരഥികളായ അലന്‍ ആന്റണി, അനൂപ് വേണു ഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News movie news