/kalakaumudi/media/post_banners/821843620a9d5923ae724b5b5b1731fab48e323f679c7aa35ee551254fa0c8c3.jpg)
കൊച്ചി: ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നിഖില വിമലാണ് നായിക. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമന്‍, സുനില്‍ ജയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്ന ആദ്യസംരംഭമാണ് ഈ ചിത്രം.
ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ഇത്തരത്തിലൊരു വിഷയം പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ സിനിമയായിരിക്കും ഗെറ്റ് സെറ്റ് ബേബി.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം സാം സിഎസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്.