തിരിച്ചുവരുവിനൊരുങ്ങി വാണി വിശ്വനാഥ് ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി മടങ്ങിയെത്തുന്നത്.

author-image
Greeshma Rakesh
New Update
തിരിച്ചുവരുവിനൊരുങ്ങി വാണി വിശ്വനാഥ് ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

 

 

ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന അഭിനേത്രിയാണ് വാണി വിശ്വനാഥ്. തന്റേതായ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയനായികയായി മാറിയ താരം ഇപ്പോള്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും  സിനിമയിലേയ്ക്ക് തിരികെയെത്തുകയാണ്.

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി മടങ്ങിയെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്.

 

 

ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഓഗസ്റ്റ് രണ്ട് ബുധനാഴ്ച്ച ലാല്‍ നിര്‍വഹിച്ചു. മാത്രമല്ല ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനില്‍ പങ്കുവെച്ചു. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളും മാമന്നന്‍ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ചിത്രത്തിലെ നായിക.

 

 

ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന്‍ ജോ ജോര്‍ജ് പറഞ്ഞു. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

 

 

ഗാനങ്ങള്‍ - ഹരി നാരായണന്‍, സംഗീതം -വരുണ്‍ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, എഡിറ്റിങ് - നൗഫല്‍ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈന്‍ - വിപിന്‍ദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേര്‍സ് - അഖില്‍ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈന്‍ - സ്റ്റീഫന്‍ വല്യാറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പി.സി. വര്‍ഗീസ്, സുജിത് അയണിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ആന്റണി ഏലൂര്‍, പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ഫോട്ടോ - ഷിജിന്‍ രാജ്.

Srinath Bhasi Vani Vishwanath malayalam film industry