വിജയ് സേതുപതി-മിഷ്‌കിന്‍ കൂട്ടുക്കെട്ട്; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

By web desk.01 12 2023

imran-azhar

 

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും സംവിധായകന്‍ മിഷ്‌കിനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.  പീരിയഡ് ഡ്രാമ വിഭാഗത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 'ട്രെയിന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.സംവിധായകന്‍ മിഷ്‌കിന്‍ തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം.

 

'ട്രെയിന്‍' എന്നാണ് സിനിമയുടെ പേരെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പും പുറത്തുവന്നിരുന്നു. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. മുറി മീശയും കട്ടി കണ്ണടയുമായുള്ള സേതുപതിയുടെ റെട്രോ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത് മിഷ്‌കിന്‍ ചിത്രത്തിലേതാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ താടിയും കൊമ്പന്‍ മീശയുമാണ് കഥാപാത്രത്തിന്. സേതുപതിക്ക് വ്യത്യസ്ത ലുക്കുകള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

 

മലയാളി ഛായാഗ്രാഹക ഫൗസിയ ഫാത്തിമയും സിനിമയുടെ ഭാഗമാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മിഷ്‌കിന്റെ 'പിസാസ് 2'എന്ന ചിത്രത്തിലും സേതുപതി അഭിനയിച്ചിട്ടുണ്ട്. ആന്‍ഡ്രിയ ജെറിമിയ നായികയായ സിനിമയില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. 2020ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പിസാസ് 2ന്റെ റിലീസ് നീളുകയായിരുന്നു.

 

'ജവാന്‍' ആണ് അവസാനം തിയേറ്ററുകളില്‍ എത്തിയ വിജയ് സേതുപതി ചിത്രം. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 'വിടുതലൈ പാര്‍ട്ട് 2', 'മഹാരാജ' എന്നീ സിനിമകളും താരത്തിന്റെതായി അണിയറയിലൊരുങ്ങുന്നുണ്ട്.

 

 

 

OTHER SECTIONS