അനിയന്റെ പിറന്നാള്‍ ദിനത്തില്‍ ചേട്ടന്റെ ചിത്രവും പൂര്‍ത്തിയാക്കി; സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

author-image
anu
New Update
അനിയന്റെ പിറന്നാള്‍ ദിനത്തില്‍ ചേട്ടന്റെ ചിത്രവും പൂര്‍ത്തിയാക്കി; സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ' വര്‍ഷങ്ങള്‍ക്ക് ശേഷം '. ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് താരം.

'ഹൃദയം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം കൊണ്ടാണ് വിനീതും സംഘവും പൂര്‍ത്തിയാക്കിയത്. ആത്മാര്‍ഥതയുള്ള ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് പാക്കപ്പ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ കുറിച്ചു.

''ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഞങ്ങള്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയും അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളുടെ ഒരു സൈന്യം തന്നെ എന്നോടൊപ്പമുണ്ട് എന്നുള്ളതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താല്‍ സിനിമാ നിര്‍മ്മാണ പ്രക്രിയ എത്ര മനോഹരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തെളിയിച്ചു തന്ന സിനിമയാണിത്. നിങ്ങള്‍ പ്രകൃതിയെയും വെളിച്ചത്തിന്റെ കിരണങ്ങളേയും ബഹുമാനിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് അമൂല്യമായ ഒന്ന് മടക്കിനല്‍കും. അത് നിങ്ങള്‍ക്ക് അതിന്റെ മാജിക് കാണിച്ചുതരും. എന്നെ സംബന്ധിച്ചിടത്തോളം 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമ അത് എനിക്ക് ഒന്നുകൂടി വെളിപ്പെടുത്തിത്തന്നു. ഞങ്ങളുടെ ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തിറങ്ങും.'' വിനീത് ശ്രീനിവാസന്‍ കുറിച്ചു.

''നമ്മുടെ സിനിമ ഇന്ന് പൂര്‍ത്തിയാവുകയാണ്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' 40 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ശരിക്കും പറഞ്ഞാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനുള്ള കാര്യങ്ങള്‍ ഉള്ള ചിത്രമാണിത്. എന്നാല്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും ഒരുമയോട് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ചിത്രം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 300ല്‍ അധികം ജൂനിയര്‍ ആര്‍ടിസ്റ്റിനെ വച്ച് രാവിലെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിട്ടുണ്ട്. എല്ലാ ഡിപ്പോര്‍ട്ട്‌മെന്റിനും എന്റെ നന്ദി അറിയിക്കുന്നു. എല്ലാവരും നല്ല പണി എടുത്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.''പാക്കപ്പ് വിഡിയോയില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

'ഹൃദയ'ത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മിക്കുന്നത്. നിവിന്‍ പോളി ചിത്രത്തില്‍ അതിഥി കഥാപാത്രമായി എത്തും. പ്രണവും കല്യാണിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍, നീരജ് മാധവ് എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. 2024 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യും.

Latest News movie news