
ബെയ്ജിംഗ്: ചൈനയില്‍ കുട്ടികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ പടര്‍ന്നുപിടിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ചൈന. പുതിയ രോഗകാരികളൊന്നുമില്ലെന്ന് ചൈന വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കയതിനു പിന്നാലെയാണ് ശ്വാസകോശ രോഗങ്ങളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയല്‍ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതല്‍ ഇത് കണ്ടുവരുന്നുണ്ടെന്നും ചൈന അറിയിച്ചു. ചില ഘട്ടങ്ങളില്‍ ഈ ബാക്ടീരിയ ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും.
ഇന്‍ഫ്‌ലുവന്‍സ രോഗങ്ങളും ആര്‍.എസ്.വി.യും ഒക്ടോബര്‍ മുതല്‍ പടരുന്നുണ്ടെന്നാണ് ചൈനയുടെ വിശദീകരണം. കഴിഞ്ഞദിവസമാണ് ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ആശുപത്രികള്‍ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്‌കൂളുകള്‍ അടച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ ചൈനയോട് ലോകാര്യോഗ്യസംഘടന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന വിശദീകരണം. ചൈനയിലെ സര്‍ക്കാര്‍ മാധ്യമമായ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. രോഗനിര്‍ണയത്തിന്റെ കാര്യത്തിലും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനിലെ അധികൃതര്‍ വ്യക്തമാക്കി.
ഇതിനുപിന്നാലെ ചൈനയില്‍ അസാധാരണമായയോ പുതിയതോ ആയ അണുബാധയുടെ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടനയും പ്രസ്താവന പുറത്തിറക്കി. ലോകാരോഗ്യ സംഘടന നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നുണ്ടെന്നും ചൈനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. രോഗം കൂടുതല്‍ പടരുന്നത് തടയാന്‍ അവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള, അറിയപ്പെടുന്ന ഒന്നിലധികം രോഗകാരികളാണ് നിലവിലെ രോഗവ്യാപനത്തിന് പിന്നിലെന്നും ചൈനയിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ മുതല്‍ വടക്കന്‍ ചൈനയിലെ പലഭാഗങ്ങളിലും ഇന്‍ഫ്‌ലുവന്‍സ റിപ്പോര്‍ട്ടുകള്‍ കൂടുതലാണ്.
രാജ്യത്തുടനീളം ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഈ മാസമാദ്യം ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രസ് കോണ്‍ഫറന്‍സ് വിളിച്ചിരുന്നു. ബീജിങ്ങിലേയും ലിയോണിങ്ങിലേയും ആശുപത്രികളില്‍ ശ്വാസകോശരോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം കണക്കിലെടുത്ത് പലയിടങ്ങളിലും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.