ബി.​ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി വാഗ്ദാനം ചെയ്തു; സർക്കാരിനെ തകർക്കാൻ വൻ ഗൂഢാലോചന: അരവിന്ദ് കെജ്രിവാൾ

ഡൽഹിയിലെ എ.എ.പി സർക്കാരിനെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വെളിപ്പെടുത്തൽ.

author-image
Greeshma Rakesh
New Update
ബി.​ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി വാഗ്ദാനം ചെയ്തു; സർക്കാരിനെ തകർക്കാൻ വൻ ഗൂഢാലോചന: അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ എ.എ.പി സർക്കാരിനെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വെളിപ്പെടുത്തൽ.ഏഴ് എ.എ.പി എംഎൽഎമാർക്ക് ബി.ജെ.പിയിൽ ചേരാൻ 25 കോടി വാഗ്ദാനം ചെയ്തതായി കെജ്‍രിവാൾ ആരോപിച്ചു.

''ബി.ജെ.പി ദിവസങ്ങൾക്കു മുമ്പ് ഏഴ് എ.എ.പി എം.എൽ.എമാരെയാണ് ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചത്. ഇവരെ ബന്ധപ്പെട്ട ബി.ജെ.പി അധികൃതർ വൈകാതെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനു ശേഷം എം.എൽ.എമാരെ പിരിക്കുമെന്നും പറഞ്ഞിരുന്നു. 21 എം.എൽ.എമാരുമായും സംഭാഷണം നടത്തിയെന്നും അവർ അവകാശപ്പെട്ടു. മറ്റുള്ളവരുമായും ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. അതിനു ശേഷം ഡൽഹിയിലെ എ.എ.പി സർക്കാരിനെ ഞങ്ങൾ അട്ടിമറിക്കും. ഓരോ എം.എൽ.എമാർക്കും 25 കോടി രൂപ വീതം നൽകും. അവർക്ക് ബി.ജെ.പി ടിക്കറ്റിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം നൽകും.''-കെജ്രിവാൾ എക്സിൽ കുറിച്ചു.

''21 എം.എൽ.എമാരെ സമീപിച്ചുവെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ച് ഏഴ് എം.എൽ.എമാരെ മാത്രമേ അവർ ബന്ധപ്പെട്ടിട്ടുള്ളൂ. എന്നാൽ അവർ ബി.ജെ.പിയുടെ വാഗ്ദാനം തള്ളിക്കളഞ്ഞു.''-കെജ്‍രിവാൾ കൂട്ടിച്ചേർത്തു.

''കഴിഞ്ഞ ഒമ്പത് വർഷമായി നമ്മുടെ സർക്കാരിനെ താഴെയിറക്കാൻ അവർ നിരവധി ഗൂഢാലോചനകൾ നടത്തി.പക്ഷെ അതൊന്നും വിജയിച്ചില്ല. ദൈവവും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചു. ഞങ്ങളുടെ എല്ലാ എംഎൽഎമാരും ഒറ്റക്കെട്ടാണ്. ഇത്തവണയും അവർ പരാജയപ്പെടും" കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്കായി എഎപി സർക്കാർ എത്രമാത്രം പ്രവർത്തിച്ചിട്ടുണ്ടെന്ന് ബിജെപിക്ക് അറിയാമെന്നും ബിജെപി സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും എഎപി സർക്കാർ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു.

arvind kejriwal BJP delhi aap