ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ഒരാൾ കസ്റ്റഡിയിൽ, ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്ന് സംശയം,അന്വേഷണം ശക്തം

അതെസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തയാളുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തിവിട്ടിട്ടില്ല.കസ്റ്റഡിയിലുള്ള ആളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്

author-image
Greeshma Rakesh
New Update
ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; ഒരാൾ കസ്റ്റഡിയിൽ, ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്ന് സംശയം,അന്വേഷണം ശക്തം

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പൊലീസിന്റെ സംശയം. ടൈമറിൻറെ ചില അവശിഷ്ടങ്ങൾ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി വിവരമുണ്ട്.അതെസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തയാളുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തിവിട്ടിട്ടില്ല.കസ്റ്റഡിയിലുള്ള ആളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

സംഭവത്തിൽ പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്.ബോംബ് സ്ഫോടനമാണ് നടന്നതെന്ന് ഡി.ജി.പി അലോക് മോഹൻ പറഞ്ഞു.സ്ഫോടനത്തിൽ പത്തുപേർക്ക് പരിക്കേറ്റതായി സിറ്റി പൊലീസ് കമിഷണറുടെ ഓഫിസ് അറിയിച്ചു.പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

അതെസമയം തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ചു.എന്നാൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. കർണാടകയുടെയും ബെംഗളൂരുവിൻറെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നാണ് വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.

സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ ഫൊറൻസിക്, ബോംബ് സ്ക്വാഡുകൾ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അ‍ജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്.

 

Investigation rameswaram cafe blast bengaluru cafe blast