/kalakaumudi/media/post_banners/0a0b25174bc0e3e1a393ffa8d8122175f1531b4a6f0491231da84ca9177dc84a.jpg)
ഡൽഹി: ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ.
2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്നാണ് വിമർശനം.മാധ്യമങ്ങൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ പുതിയ ആക്രമണമാണെന്ന് ഇന്ത്യാ സഖ്യം പറഞ്ഞു.
ബിബിസി, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, ദി കശ്മീർ വാല തുടങ്ങിയ മാധ്യമങ്ങളെ അടിച്ചമർത്താൻ, അന്വേഷണ ഏജൻസികളെ നിയോഗിച്ച് മാധ്യമങ്ങളെ ബോധപൂർവം ആക്രമിക്കുകയും അടിച്ചമർത്തുകയുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷ സഖ്യം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മാത്രമല്ല മാധ്യമങ്ങളെ തങ്ങളുടെ പക്ഷപാതപരവും പ്രത്യയശാസ്ത്രപരവുമായ താൽപ്പര്യങ്ങൾക്കായുള്ള മുഖപത്രമായി മാറ്റാൻ ബിജെപി സർക്കാർ ശ്രമിച്ചുവെന്ന് ഇന്ത്യൻ സഖ്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള കേസിൽ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നിരൂപകരുടെയും വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളുടെ പരാമർശം.
സ്റ്റാൻഡ്-അപ്പ് കോമിക്, പൊളിറ്റിക്കൽ ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ, മാധ്യമപ്രവർത്തകരായ ഭാഷാ സിംഗ്, പ്രബീർ പുർകയസ്ത, ന്യൂസ്‌ക്ലിക്കിലെ അഭിസാർ ശർമ്മ, ചരിത്രകാരനും ആക്ടിവിസ്റ്റുമായ സൊഹൈൽ ഹാഷ്മി, എഴുത്തുകാരി ഗീത ഹരിഹരൻ, മുതിർന്ന മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ താകുർത്ത, ഊർമിലേഷ്, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവരുടെ , ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും ഹാർഡ് ഡിസ്‌കുകളുടെ ഡാറ്റ ഡംപുകളും പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
സത്യം പറയുന്ന മാധ്യമ സംഘടനകൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ മാത്രമാണ് ബിജെപി സർക്കാരിന്റെ നടപടികൾ. രാജ്യത്ത് വിദ്വേഷവും വിഭജനവും വളർത്തുന്ന മാധ്യമപ്രവർത്തകർക്കെതിരെ ബിജെപി സർക്കാർ നടപടിയെടുക്കുന്നില്ല. ദേശീയ താൽപ്പര്യം കണക്കിലെടുത്ത്, രാജ്യത്തിനും ജനങ്ങൾക്കും ആശങ്കയുളവാക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് മാധ്യമങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നത് ബിജെപി സർക്കാരിന് ഉചിതമാണെന്നും ഇന്ത്യാ സഖ്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.