/kalakaumudi/media/post_banners/9f1e135627c8ea32ef95597496c5debc742e2ddff196d9a6baf682aa8c51ba1d.jpg)
കൊച്ചി: നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ്. മനപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
പൊലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉൾപ്പെടെ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.കഴിഞ്ഞ ദിവസം, ദുരന്തം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിരുന്നു. നിലവിലെ അന്വേഷണങ്ങൾ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
നവംബർ 25ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ‘ധിഷ്‌ണ 2023’ ടെക് ഫെസ്റ്റിൻറെ സമാപനത്തോടനുബന്ധിച്ച് കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നാലു പേർ മരിച്ചത്. നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പാണ് തിക്കുംതിരക്കുമുണ്ടായത്.
അപകടത്തിൻറെ പശ്ചാത്തലത്തിൽ പരിപാടിയുടെ സംഘാടകസമിതി ചെയർമാൻ കൂടിയായിരുന്ന ഡോ. ദീപക് കുമാർ സാഹുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. സംഭവത്തിൽ നാല് അന്വേഷണങ്ങളും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നതായാണ് സർവകലാശാല രജിസ്ട്രാർ ഹൈകോടതിയിൽ അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
