/kalakaumudi/media/post_banners/df44d15b3ea1b85ef459f7112bdb83e9dab2894339cb04baaf771b0a6dda5de7.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷകര്‍ മാര്‍ച്ചിനെ പ്രതിരോധിക്കാൻ ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ രണ്ട് സ്റ്റേഡിയം താല്‍ക്കാലിക ജയിലായി മാറ്റിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.
സിര്‍സയിലെ ചൗധരി ദല്‍ബീര്‍ സിംഗ് ഇന്‍ഡോര്‍ സ്റ്റേഡിയം ദാബ്വാലിയിലെ ഗുരു ഗോബിന്ദ് സിംഗ് സ്റ്റേഡിയം എന്നിവയാണ് താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുന്നത്.മാര്‍ച്ചിനിടെ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അറസ്റ്റിലാകുന്ന കര്‍ഷകരെ ഈ ജയിലുകളിലായിരിക്കും താല്‍ക്കാലികമായി പാര്‍പ്പിക്കുക.
മാത്രമല്ല കർഷകരുടെ മാര്‍ച്ചിനെ നേരിടാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. നിരവധി പൊലീസ് ഉദ്യോഗസ്ഥരെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.അതെസമയം ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ എത്താതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പടെ 200ലധികം കര്‍ഷക സംഘടനകളാണ് പ്രതിഷേധ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ അറിയിച്ചു.
അതിര്‍ത്തികളിലെ റോഡുകളിലെ ബാരിക്കേഡുകളുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘കര്‍ഷകരുടെ പാതയില്‍ മുള്ളുകള്‍ വിതറുന്നത് അമൃത് കാലമാണോ അതോ അന്യായ കാലമാണോ’ എന്ന് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് പ്രിയങ്ക ചോദിച്ചു.
ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ സര്‍ക്കാര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മന്‍ രംഗത്തെത്തി.’’ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം,’’ എന്ന് അദ്ദേഹം പറഞ്ഞു.
റോഡുകളില്‍ തടസ്സം സൃഷ്ടിച്ചതിനെ വിമര്‍ശിച്ച് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തി.
എന്തിനാണ് സര്‍ക്കാര്‍ ഇത്ര പേടിക്കുന്നത്? വലിയ ബാരിക്കേഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതാണോ ജനാധിപത്യം?’’ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗജിത്ത് സിംഗ് ദല്ലേവാള്‍ ചോദിച്ചു.
ഡല്‍ഹിയിലുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ച് ഡല്‍ഹി പോലീസ് ഉത്തരവിറക്കി.ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. റാലികള്‍, സമ്മേളനങ്ങള്‍, കാല്‍നട ജാഥകള്‍ തുടങ്ങി ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും മാര്‍ച്ച് 12 വരെ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസിന്റെ ഉത്തരവില്‍ പറയുന്നു.ദേശീയ തലസ്ഥാനത്തേക്ക് ട്രാക്ടറുകള്‍ കടക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിര്‍ത്തികളില്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഹരിയാന-ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ദേശീയപാതയിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും ഞായറാഴ്ച തന്നെ നിരത്തിയിരുന്നു. ഹരിയാന-പഞ്ചാബ് അതിര്‍ത്തി പൂര്‍ണമായും സീല്‍ ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ ഏഴുജില്ലകളില്‍ ചൊവ്വാഴ്ചവരെ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്.എം.എസ്., സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതെസമയം ഗാസിപുര്‍ അതിര്‍ത്തിയില്‍ റാപ്പിഡ് പോലീസ് ഫോഴ്‌സ് (ആര്‍പിഎഫ്) സംഘത്തെയാണ് കേന്ദ്രം വിന്യസിച്ചിട്ടുള്ളത്. കര്‍ഷകരുടെ സമരത്തിന് പിന്നാലെ ഫെബ്രുവരി 16-ന് തൊഴിലാളി യൂണിയനുകള്‍ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കും. ഭാരത് ബന്ദിന് കര്‍ഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്-ഹരിയാന അതിര്‍ത്തി പ്രദേശത്തും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, എന്നീ ജില്ലകളില്‍ ഫെബ്രുവരി 11-13 തീയതികളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2020ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും അംബാലയില്‍ നിന്നും മാര്‍ച്ച് ചെയ്ത് എത്തി ശംഭു അതിര്‍ത്തി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ശേഷം പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് അവര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയായിരുന്നു മാര്‍ച്ച്.