/kalakaumudi/media/post_banners/cdbb2ef1603710cf0f1e818ce9f1148a314bc24b94f669991e75b0373957eee1.jpg)
ന്യൂഡല്‍ഹി; ഹൂതി ആക്രമണത്തിനിരയായ യുഎസ് ചരക്കുകപ്പലിനു ചെങ്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ സഹായം. മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാകവഹിക്കുന്ന എംവി ഗെന്‍കോ പിക്കാര്‍ഡി എന്ന കപ്പലിനാണ് മലയാളിയായ ക്യാപ്റ്റന്‍ ബ്രിജേഷ് നമ്പ്യാര്‍ കമാന്‍ഡ് ചെയ്യുന്ന പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം സഹായമെത്തിച്ചത്. ഏഡന്‍ കടലിടുക്കില്‍ ബുധനാഴ്ച രാത്രി 11.11നു ഡ്രോണ്‍ ആക്രമണം നേരിട്ട ചരക്കുകപ്പലിലെ 9 ഇന്ത്യക്കാരടക്കം 22 പേരും സുരക്ഷിതരാണ്. വിശദ പരിശോധനയ്ക്കുശേഷം കപ്പലിനു സുരക്ഷിതമായി മുന്നോട്ടുപോകാന്‍ സേന വഴിയൊരുക്കി.
ഇസ്രയേല്‍ ഹമാസ് പോരാട്ടം ആരംഭിച്ചതിനു പിന്നാലെയാണ് ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകള്‍ക്കു നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രമണമാരംഭിച്ചത്. നിരവധി ഷിപ്പിങ് കമ്പനികള്‍ ഇതുവഴി സര്‍വീസ് നിര്‍ത്തി. ഇന്ത്യയിലേക്കുള്ള 2 ചരക്കുകപ്പലുകളും ഈയിടെ ആക്രമിക്കപ്പെട്ടിരുന്നു. 10 പടക്കപ്പലുകള്‍ ഇന്ത്യ ഇവിടെ വിന്യസിച്ചിട്ടുണ്ട്. മാള്‍ട്ടയില്‍നിന്നു പുറപ്പെട്ട മറ്റൊരു ചരക്കുക്കപ്പലിനു നേരെയും ഹൂതി ആക്രമണമുണ്ടായി.
ഇതിനിടെ, യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 14 മിസൈലുകള്‍ തകര്‍ത്തതായി യുഎസ് അറിയിച്ചു. ഹൂതികളെ ഭീകരരുടെ പട്ടികയില്‍പെടുത്തിയ യുഎസ്, രാജ്യാന്തരതലത്തില്‍ നടപടികള്‍ ശക്തമാക്കുകയും ചെയ്തു.