/kalakaumudi/media/post_banners/4ad3a824d3aba47f353dd4d3eb173bf4cc9468858f243abddf09a838a83f889b.jpg)
ബെംഗളൂരു: ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അവസാന നീക്കത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ-യുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1.ജനുവരി 6 ന് വൈകിട്ടോടെ ആദിത്യ എൽ1 സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് സ്‌പോട്ടുകളിൽ ഒന്നായ ലാഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു 'ഹാലോ ഓർബിറ്റ്' എന്നറിയപ്പെടുന്ന ഭ്രമണപഥത്തിൽ പ്രവേശിക്കും.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് പോയിന്റുകളിൽ ഒന്നാണ് ആദിത്യ-എൽ1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച് - 1. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർഥമാണ് ഈ പോയിന്റുകൾക്ക് ലഗ്രാഞ്ച് എന്ന പേര് നൽകിയിരിക്കുന്നത്.
ജനുവരി 6 ന് വൈകുന്നേരം 4 മണിക്ക് ആദിത്യ-എൽ 1 അതിന്റെ എൽ 1 പോയിന്റിൽ എത്താൻ പോകുകയാണെന്നും, പേടകത്തിനെ അവിടെ നിലനിർത്താനുള്ള അവസാന നീക്കങ്ങൾ നടത്തുകയാണെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.അവസാന ലക്ഷ്യസ്ഥാനത്ത് എത്തിയാൽ, പേടകത്തിന് ഗ്രഹണങ്ങളില്ലാതെ സൂര്യനെ കാണാൻ കഴിയും.
ഇന്ത്യയുടെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് സൂര്യനോട് ഏറ്റവും അടുത്തെന്നു കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിനു സമീപം എത്തിയിരിക്കുന്നത്.ചന്ദ്രൻ, ചൊവ്വ, ശുക്രൻ തുടങ്ങിയ മറ്റ് ആകാശഗോളങ്ങളുടെ സ്വാധീനം കാരണം സമ്പൂർണ്ണ ന്യൂട്രലൈസേഷൻ സാധ്യമല്ലെങ്കിലും, L1 പോയിന്റ് നിരീക്ഷണ ആവശ്യങ്ങൾക്ക് സ്ഥിരതയുള്ള സ്ഥാനം നൽകുന്നു.
മാത്രമല്ല ബഹിരാകാശ പേടകത്തെ ആ പ്രദേശത്ത് തന്നെ നിർത്തുക എന്നത് തീർത്തും പ്രയാസമേറിയ കാര്യമാണ്. 'ഹാലോ ഓർബിറ്റ്' എന്ന് വിളിക്കപ്പെടുന്ന ഈ ബിന്ദുവിന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ് പേടകത്തിന്റെ സുരക്ഷയ്ക്കും കൂടുതൽ കാര്യക്ഷമതയ്ക്കും നല്ലത്. ഇത് ആദിത്യ എൽ1 ന് സൂര്യനെ വിവിധ കോണുകളിൽ നിന്ന് കാണാനുള്ള അവസരമൊരുക്കും.
ഏഴ് ശാസ്ത്രീയ പേലോഡുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ് ആദിത്യ-എൽ1.അവയെല്ലാം ഐഎസ്ആർഒയും ദേശീയ ഗവേഷണ ലബോറട്ടറികളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഈ പേലോഡുകൾ വൈദ്യുതകാന്തിക കണികകളും കാന്തികക്ഷേത്ര ഡിറ്റക്ടറുകളും ഉപയോഗിച്ച് ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറം പാളികൾ (കൊറോണ) എന്നിവ നിരീക്ഷിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
