കേരളത്തിന് ആശ്വാസം; 13608 കോടി വായ്പ എടുക്കാനുള്ള അനുമതി നൽകാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

15000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിൻറെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ കോടതി നിർദ്ദേശം നൽകി.

author-image
Greeshma Rakesh
New Update
കേരളത്തിന് ആശ്വാസം; 13608 കോടി വായ്പ എടുക്കാനുള്ള അനുമതി നൽകാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കടമെടുപ്പ് കേസിൽ കേരളത്തിന് ആശ്വാസം. 13608 കോടി രൂപ കൂടി കേരളത്തിന് വായ്പ എടുക്കാനുള്ള അനുമതി നൽകാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമ്മതിച്ചു.കേരളം കേസ് പിൻവലിക്കണമെന്ന കേന്ദ്രനിലപാടിനെ വിമർശിച്ച  കേസുമായി കോടതിയിലെത്താൻ കേരളത്തിന് അധികാരം ഉണ്ടെന്നും പറഞ്ഞു.15000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിൻറെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ കോടതി നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളത്തിൻറെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു. ശമ്പളം നല്കാൻ പണമുണ്ട്. എന്നാൽ പെൻഷൻ, മറ്റാനുകൂല്യങ്ങൾ, ക്ഷാമബത്ത എന്നിവ നല്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തരമായി 28000 കോടി രൂപ ഈ മാർച്ചിൽ തന്നെ കടമെടുക്കാൻ അനുവദിക്കണമെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു.

 

കേരളത്തിന് അവകാശമുള്ള പതിമൂവായിരത്തി അറുനൂറ്റിയെട്ട് കോടി രൂപ കടമെടുക്കാൻ അനുവാദം നല്കാമെന്ന് കഴിഞ്ഞ ചർച്ചയിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് കേരളം നല്കിയ ഹർജി പിൻവലിക്കണം എന്ന ഉപാധി ശരിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വാനാഥൻ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

സുപ്രീംകോടതിയിൽ ഹർജി നല്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മറ്റു സംസ്ഥാനങ്ങളും കോടതിയിൽ വരാൻ സാധ്യതയുള്ളതിനാൽ ഇടക്കാല ഉത്തരവ് ഇറക്കരുത് എന്ന അറ്റോണി ജനറലിൻറെ നിർദ്ദേശം കോടതി സ്വീകരിച്ചു.

 

കോടതിയുടെ വാക്കാലുള്ള നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്രം വായ്പയ്ക്ക് അനുമതി നല്കും. എന്നാൽ 15000 കോടി കൂടി ഈ മാസം കടമെടുത്താലേ പ്രതിസന്ധി തീരു എന്ന് കേരളം വാദിച്ചു.ഇതോടെ ഇരുപക്ഷവും അടിയന്തരമായി ചർച്ച നടത്തി ഇത് തീരുമാനിക്കാനുള്ള നിർദ്ദേശം കോടതി നല്കി. രാഷ്ട്രീയ നേട്ടത്തിന് കേസ് ഉപാധിയാക്കുന്നു എന്ന പരാതി കേന്ദ്രം ഉന്നയിച്ചു. കേന്ദ്രവും കേരളവും ഇക്കാര്യത്തിൽ പരസ്യവാഗ്വാദത്തിലേക്ക് പോകരുതെന്നും കോടതി നിർദ്ദേശിച്ചു.

 

സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്തണം എന്ന ഉപദേശം കേരളത്തിനും നൽകി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കോടതി പുകഴ്ത്തുകയും ചെയ്തു. തല്ക്കാലം ഇരുപക്ഷത്തിൻറേയും വാദങ്ങൾ അംഗികരിച്ചുള്ള ഒത്തു തീർപ്പിലേക്ക് എത്തിയ രണ്ടംഗ ബഞ്ച് കോടതിക്ക് പുറത്ത് ഇത് പരിഹരിക്കണം എന്ന താല്പര്യമാണ് ബുധനാഴ്ച പ്രകടിപ്പിച്ചത്.

kerala central government Supreme Court