/kalakaumudi/media/post_banners/78828e6a4f2c9f33dd62d1efd7b6fec53b1360f0e8bb39be60265090ac8f466a.jpg)
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ വേദിയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിന് മറുപടിയുമായി നവ്യ നായർ. യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കേരള സർവകലാശാല കലോത്സവ ഉദ്ഘാടന പ്രസംഗത്തിൽ ശിവൻകുട്ടി പറഞ്ഞു. ഈ വാക്കുകളോടാണ് വേദിയിൽ വച്ച് തന്നെ നവ്യ പ്രതികരിച്ചത്.മന്ത്രിക്ക് ശേഷം സംസാരിക്കാൻ വേദിയിലെത്തവെയാണ് നവ്യ മറുപടി നൽകിയത്.
'ഞാൻ വന്ന വഴി മറക്കില്ല. കലോത്സവത്തിനെത്താൻ പ്രതിഫലം വാങ്ങിയിട്ടില്ല. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണ്. നല്ല മനുഷ്യരായി ജീവിക്കണം'- നവ്യ വിദ്യാർഥികളോടായി പറഞ്ഞു.