/kalakaumudi/media/post_banners/ec5a8cd18efa61f26b8acd63748c5e37367f845b16daa723844cc80c861e4160.jpg)
തിരുവനന്തപുരം: വീഡിയോ കോൺഫറൻസ് വഴിയുള്ള വിവാഹത്തിന് നിയമം വരുന്നു. പുതിയ നിയമം നിലവിൽ വരുന്നതോടെ ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർമാർക്ക് അനുമതി ലഭിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിക്കും.
ഇതിനായി സ്‌പെഷ്യൽ മാര്യേജ് ആക്ട് ഭേദഗതി ചെയ്യും.വിദേശത്തുള്ള വരനോ വധുവോ അടിയന്തര പ്രാധാന്യത്തോടെ വിവാഹം രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം സബ് രജിസ്ട്രാറെ രേഖാമൂലം ബോധ്യപ്പെടുത്തണം. അങ്ങനെ ചെയ്യുന്ന പക്ഷം ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ ഇത്തരം വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കണമന്നാണ് ശുപാർശ.വധുവിന്റെയും വരന്റെയും ഫോട്ടോ സ്പെഷ്യൽഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങൾക്കു നൽകുന്ന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശുപാർശയുണ്ട്.
പുനലൂർ സ്വദേശി ജീവൻ കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് രജിസ്റ്റ്രാർ ഓഫിസിൽ അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്‌നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നാണ് കരുതിയിരുന്നത്.
പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് രജിസ്റ്റ്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു. പിന്നീട് ഇക്കാര്യം ഏറെ ചർച്ചയായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിയമ ഭേദഗതി .
ഓൺലൈൻ വഴിയുള്ള വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അംഗീകരിക്കുന്നുണ്ടോ, ഇക്കാര്യത്തിൽ ഡിജിറ്റൽ സേവനം ആവശ്യപ്പെടാൻ പൗരന്മാർക്ക് അവകാശമുണ്ടോ, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണോ വിവാഹം എന്നീ ചോദ്യങ്ങൾ അന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. അന്ന് ഓൺലൈൻ വിവാഹത്തിനായി മാർഗ നിർദ്ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. സാക്ഷികൾ ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ തിരിച്ചറിയണം. വിവാഹിതരാകുന്നവർ ചുമതലപ്പെടുത്തുന്നവരാണ് രേഖകളിൽ ഒപ്പിടേണ്ടത് എന്നിവയായിരുന്നു മാർഗ നിർദ്ദേശങ്ങൾ.
മാത്രമല്ല വിവാഹത്തിനു മുമ്പായി മറ്റ് നിയമപരമായ നടപടികൾ പൂർത്തിയായിരിക്കണം. തീയതിയും സമയവും ഓൺലൈൻ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസർക്ക് നിശ്ചയിക്കാം. ഓൺലൈനിൽ വിവാഹത്തിന് ശേഷം നിയമപ്രകാരം സർട്ടിഫിക്കറ്റും നൽകണമെന്ന് ജീവൻ കുമർ-ധന്യാ കേസിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2021 ഒക്ടോബറിൽ യുക്രെയ്‌നിൽ നിന്ന് ജീവൻകുമാറും പുനലൂരിലുള്ള ധന്യ മാർട്ടിനും ഓൺലൈനിൽ പ്രതിജ്ഞ ചൊല്ലിയതോടെ നടന്നത് ഓൺലൈനിലൂടെയുള്ള സംസ്ഥാനത്തെ ആദ്യവിവാഹമായിരുന്നു. അന്ന് ചുമതലകൾ നിർവഹിച്ചത് സബ് രജിസ്റ്റ്രാർ ടി.എം.ഫിറോസുമായിരുന്നു.
ജീവൻകുമാറിനു പകരം അച്ഛൻ ദേവരാജനാണ് ഒപ്പിട്ടത്. ജീവന്റെ അച്ഛൻ ദേവരാജനും ധന്യയുടെ അമ്മ തങ്കച്ചി മാർട്ടിനും തിരുവനന്തപുരത്ത് ഐഎസ്ആർഒയിൽ ജോലി ചെയ്യുകയായിരുന്നു. ആ കാലത്തെ അടുപ്പമാണ് പിന്നീട് ധന്യയുടേയും ജീവന്റേയും വിവാഹത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.