/kalakaumudi/media/post_banners/2ea113206c64de84da274a808263952ae48a1babc5016fc233220e6a7fd1025b.jpg)
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.അതെസമയം അമേഠിയിലും രാഹുൽ മത്സരിക്കാനുള്ള സാധ്യത യുപിയിലെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം, യുപിയിൽ എത്തിയ കോൺഗ്രസ് നേതാവ് പ്രതീപ് സിംഘാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ വയനാട്ടിൽ നിന്നും മാറിയേക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാർത്ത. എന്നാൽ രാഹുൽ വയനാട്ടിൽ തുടരുമെന്നുതന്നെയാണ് ഏറ്റവും പുതുതായി വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.ഒപ്പം അമേഠിയിൽ ഇത്തവണയും മത്സരിക്കും.
അതെസമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കും. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്ലാണ് പ്രിയങ്കയെ റായ്ബറേലിൽ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നത്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
എക്കാലവും കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്നു അമേഠി. എന്നാൽ 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് തോറ്റിരുന്നു.അമേഠിയിൽ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാൻ രാഹുൽ തന്ന രംഗത്തിറങ്ങണം എന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. അമേഠിയിൽനിന്നും മാറുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് അമേഠിയിലും വയനാട്ടിലും മത്സരിക്കാനുള്ള തീരുമാനത്തിലേയ്ക്ക് രാഹുലിനെ നയിക്കുന്നത്.
ഇൻഡ്യാ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി പി ഐ യുടെ ദേശീയ നേതാവായ ആനി രാജ മത്സരിക്കുന്ന വയനാട്ടിൽ ഇത്തവണ രാഹുൽ മത്സരിച്ചേക്കില്ലെന്നായിരുന്നു ഇടത് പാർട്ടികൾ കരുതിയിരുന്നത്.എന്നാൽ രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് കേരളത്തിലെ ഇടത് മുന്നണി ഭയത്തോടെയാണ് നിരീക്ഷിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബി ജെ പിയോടാണെന്നാണ് ഇടത് നേതാക്കൾ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിലെ സ്ഥാനാർത്ഥി നിർണയം ഇപ്പോഴും അനിശ്ചിതത്വത്തിലാവാൻ കാരണം വയനാട്ടിൽ രാഹുൽ മത്സരിക്കുമോ, എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുമോ തുടങ്ങിയ ചർച്ചകളിൽ അന്തിമ തീരുമാനം വരാത്തതായിരുന്നു.