/kalakaumudi/media/post_banners/93b4611c1644764f711a6cb58cb9b3e8131c280bda796cb680f81c5ffb423f1b.jpg)
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാപകമായ രീതിയിൽ അക്രമസംഭവങ്ങളും വർദ്ധിച്ചിട്ടുണ്ട്.
ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ചൗധ്‌വാൻ പൊലീസ് സ്റ്റേഷന് നേരെ പ്രാദേശികസമയം മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്.
തീവ്രവാദികൾ സ്‌റ്റേഷനിലേക്ക് കടന്ന ശേഷം വെടിവയ്പ്പ് നടത്തുകയായിരുന്നു. സ്‌റ്റേഷനിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരെയാണ് ഭീകരർ വെടിവച്ച് വീഴ്‌ത്തിയത്.
പിന്നാലെ അക്രമികൾ സ്റ്റേഷന് നേരെ ഗ്രനേഡ് എറിഞ്ഞുവെന്നും, ഇതാണ് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും ദ്രാബനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാലിക് അനീസ് ഉൾ ഹസ്സൻ പറഞ്ഞു.30-ലധികം ഭീകരർ മൂന്ന് ദിശകളിൽ നിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം.
പാക് താലിബാനും സർക്കാരും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നുവെങ്കിലും, 2022 മുതൽ കരാർ പാലിച്ചിരുന്നില്ല. പിന്നാലെ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വൻ തോതിൽ ആക്രമണം നടത്തുന്നത് തുടരുകയാണ്.
കഴിഞ്ഞ ഡിസംബറിൽ പാകിസ്താനിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ക്യാമ്പിനുള്ളിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം നടത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
