നേര്യമംഗലം കാട്ടാന ആക്രമണം: മരിച്ച ഇന്ദിരയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ കൈമാറി

നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ പരമാവധി സഹായം ഉറപ്പാക്കും.

author-image
Web Desk
New Update
നേര്യമംഗലം കാട്ടാന ആക്രമണം: മരിച്ച ഇന്ദിരയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ കൈമാറി

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ പരമാവധി സഹായം ഉറപ്പാക്കും. മരണപ്പെട്ട ഇന്ദിരയുടെ കുടുംബത്തെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി.

ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വന്യജീവികളുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്.

കാട്ടാന ആക്രമണം ഉണ്ടായ നേര്യമംഗലം ഭാഗത്ത് ഹാങ്ങിങ് ഫെന്‍സിംഗ് സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കും. അടിയന്തരമായി പ്രത്യേക ആര്‍.ആര്‍.ടി ടീമിനെ നിയോഗിക്കും. വനം വകുപ്പുമായി ആലോചിച്ച് സ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വന്യജീവി പ്രശ്‌നമുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ പ്രത്യേക സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ ആന്റണി ജോണ്‍, എ.രാജ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജ്, എഫ്.ഐ.ടി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷന്‍ എസ്.സതീഷ് തുടങ്ങിയവര്‍ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

kerala Wild Animal Idukki