/kalakaumudi/media/post_banners/b47df1da64f32227652657e53ab594ebd1317c9fa11268150fe383d54f74651c.jpg)
ന്യൂഡൽഹി : 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ 12 കൊലക്കേസ് പ്രതികളെ വെറുതെവിട്ട ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് അനുമതി നൽകി എൽജി വി കെ സക്‌സേന. നംഗ്ലോയിൽ എട്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് അപ്പീൽ നൽകാൻ അനുമതി. രാജ് നിവാസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയ ഹൈക്കോടതിയുടെ 2023 ഓഗസ്റ്റ് 9-ലെ വിധിക്കെതിരെ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ (എസ്എസ്‍പി) ഫയൽ ചെയ്യുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം എൽജി അംഗീകരിച്ചു.
1995 ഏപ്രിൽ 29ലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്നതിൽ 27 വർഷത്തെ കാലതാമസത്തിന് വിശദീകരണമില്ലെന്നും സംസ്ഥാനം സ്വീകരിച്ച കാരണങ്ങൾ ന്യായീകരിക്കാവുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
എസ്‌എൽപി നീക്കാനുള്ള നിർദ്ദേശം സംബന്ധിച്ച ഫയൽ സക്‌സേന പരിശോധിച്ചു. അതിൽ ഹൈക്കോടതി കേസിന്റെ മെറിറ്റ് പരിഗണിച്ചിട്ടില്ലെന്നും പകരം അപ്പീൽ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന്റെ പേരിൽ മാത്രമാണ് സംസ്ഥാനത്തിന്റെ അപ്പീൽ തള്ളിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട 186 കേസുകളിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ജനുവരിയിലെ ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.ജസ്റ്റിസ് (റിട്ടയേർഡ്) എസ്എൻ ധിംഗ്ര, ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥൻ അഭിഷേക് എന്നിവരടങ്ങുന്ന ഒരു എസ്ഐടി രൂപീകരിച്ചു.
2019 ഏപ്രിലിൽ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ വിധി വന്ന ഉടൻ പ്രോസിക്യൂഷൻ അപ്പീൽ പോകേണ്ടതായിരുന്നു. കൂടാതെ, കാലതാമസത്തിന് മാപ്പുനൽകുന്നതിനുള്ള അപേക്ഷയുമായി ഒരു അപ്പീൽ ഫയൽ ചെയ്യാമെന്ന് ശുപാർശ ചെയ്തിരുന്നു.
1984-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഡൽഹിയിൽ സിഖ്കാർക്കെതിരെ വൻ കലാപം നടന്നത്. ഒക്ടോബർ 31 നും നവംബർ 1 നും ഇടയിൽ ഡൽഹിയിൽ കലാപം, കൊള്ള, സിഖുകാരെ കൊലപ്പെടുത്തൽ തുടങ്ങിയ അക്രമ സംഭവങ്ങൾ നടന്നു.
നവംബർ 1 ന് രാവിലെ നംഗ്ലോയിയിലെ അമർ കോളനിയിൽ ഒരു കൂട്ടം പ്രതികൾ ചേർന്ന് 8 പേരെ കൊലപ്പെടുത്തി. സംഭവത്തിന് ശേഷം, മരിച്ചവരുടെ ബന്ധുക്കൾ ജസ്റ്റിസ് രംഗനാഥ് മിശ്ര അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി സത്യവാങ്മൂലം സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.