/kalakaumudi/media/post_banners/149295cf1e174b35f2f393e65363f3baab0ce01e5ce7b1d984f1643fd9e044be.jpg)
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ കൊദെര്‍മ ജില്ലയില്‍ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതിന്റെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു. റെയില്‍വെ ട്രാക്കിലെ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണതോടെയാണ് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുരിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന പുരുഷോത്തം എക്‌സ്പ്രസിന് മുകളിലേക്കാണ് റെയില്‍വെ ട്രാക്കിലെ ഓവര്‍ഹെഡ് വൈദ്യുതി ലൈന്‍ പൊട്ടി വീണതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.05ന് കൊദെര്‍മ - ഗോമോഗ് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ പ്രസാബാദിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ലൈന്‍ പൊട്ടിയതോടെ വൈദ്യുതിയും നിലച്ചു.
ഇതേ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ ഡ്രൈവര്‍ എമര്‍ജന്‍സ് ബ്രേക്കിട്ടു. ഇതിന്റെ ആഘാതത്തില്‍ ട്രെയിനിലുണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്നാണ് രണ്ട് പേര്‍ മരിച്ചതെന്ന് ധന്‍ബാദ് റെയില്‍വേ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ് മാനേജര്‍ അമരീഷ് കുമാര്‍ പറഞ്ഞു.
ട്രെയിന്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോഴാണ് വൈദ്യുതി ലൈന്‍ പൊട്ടുന്നത്. കൊദെര്‍മ - ഗോമോഗ് സെക്ഷനിലെ അപകടത്തെ തുടര്‍ന്ന് ധന്‍ബാദ് റെയില്‍വെ ഡിവിഷനിലെ ഈ സ്ഥലത്ത് നാല് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതായും പിന്നീട് തകരാര്‍ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചതായും റെയിന്‍വെ അധികൃതര്‍ അറിയിച്ചു.