118 അടിയുള്ള ഭീമൻ ധൂപവർഗ്ഗം മുതൽ 5,000 അമേരിക്കൻ വജ്രങ്ങളുള്ള നെക്ലേസ് വരെ; അയോധ്യയിലേയ്ക്ക് സമ്മാനങ്ങളുടെ ഒഴുക്ക്

നേപ്പാൾ ജനക്പൂരിൽ നിന്ന് മാത്രം മൂവായിരത്തിലധികം സമ്മാനങ്ങളുടെ ശേഖരമാണ് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ചത്.

author-image
Greeshma Rakesh
New Update
118 അടിയുള്ള ഭീമൻ ധൂപവർഗ്ഗം മുതൽ 5,000 അമേരിക്കൻ വജ്രങ്ങളുള്ള നെക്ലേസ് വരെ; അയോധ്യയിലേയ്ക്ക് സമ്മാനങ്ങളുടെ ഒഴുക്ക്

 

ലഖ്‌നൗ: രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠ'ക്ക് മുന്നോടിയായി അയോധ്യയിലേയ്ക്ക് എത്തിയത് ഭീമാകാരമായ ധൂപവർഗ്ഗം.ഗുജറാത്തിലെ ചില കർഷകരും പ്രദേശവാസികളുമാണ് രാമക്ഷേത്രത്തിലേയ്ക്ക് 108 അടി നീളമുള്ള ധൂപവർഗ്ഗം സംഭാവനയായി നിർമിച്ച് നൽകിയത്.110 അടി നീളമുള്ള രഥത്തിലാണ് ഇതിനെ അയോദ്ധയിലെത്തിച്ചത്.

3,610 കിലോ ഭാരവും ഏകദേശം 3.5 അടി വീതിയുമുള്ള ധൂപവർഗ്ഗത്തിന് ഗുജറാത്തിലെ വഡോദരയിൽ ആറ് മാസമെടുത്താണ് നിർമിച്ചത്. ചാണകം, നെയ്യ്, സാരാംശം, പൂക്കളുടെ സത്ത്, ആയുർവേദ ഉൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ചതുകൊണ്ടു തന്നെ ഇത് പരിസ്ഥിതി സൗഹൃദമാണെന്നും പറയുന്നു.ഒരിക്കൽ കത്തിച്ചാൽ ഒന്നര മാസം തുടർച്ചയായി ഇത് കത്തിക്കാനാകുമെന്ന് ഇത് നിർമിച്ച് വഡോദര നിവാസിയായ വിഹാ ഭർവാദ് പറഞ്ഞു. 50 കിലോമീറ്റർ പ്രദേശത്ത് വരെ സുഗന്ധമെത്തുന്ന ഈ ധൂപവർഗ്ഗത്തിന് അഞ്ച് ലക്ഷത്തിലധികം വിലവരും.

അയോധ്യ രാമക്ഷേത്രത്തിന് രാജ്യത്തുനിന്നും വിദേശത്തുനിന്നും നിരവധി സമ്മാനങ്ങളാണ് ലഭിക്കുന്നത്.നേപ്പാൾ ജനക്പൂരിൽ നിന്ന് മാത്രം മൂവായിരത്തിലധികം സമ്മാനങ്ങളുടെ ശേഖരമാണ് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ചത്. നേപ്പാളിലെ ജനക്പൂർ മേഖലയിലെ രാം ജാങ്കി ക്ഷേത്രത്തിലെ പൂജാരി രാം റോഷൻ ദാസ്, ശ്രീരാമന് വെള്ളി ചെരുപ്പുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വഴിപാടുകൾ നിറച്ച ആയിരത്തിലധികം പാത്രങ്ങളാണ് സമ്മാനിച്ചത്.സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരി 5,000-ലധികം അമേരിക്കൻ വജ്രങ്ങൾ ഉപയോഗിച്ച് രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നെക്ലേസ് ഉണ്ടാക്കിയാണ് രാമക്ഷേത്രത്തിനുള്ള സമ്മാനമായി സമർപ്പിച്ചത്.

എട്ട് വ്യത്യസ്ത രാജ്യങ്ങളിലെ സമയം ഒരേസമയം പ്രദർശിപ്പിക്കാൻ കഴിയുന്ന ക്ലോക്കാണ് രാം മന്ദിർ ട്രസ്റ്റിന് ലഭിച്ച മറ്റൊരു സമ്മാനം . 75 സെന്റിമീറ്റർ വ്യാസമുള്ള ഒരു ഘടികാരം സമ്മാനിച്ചതായി വ്യാപാരി അനിൽ കുമാർ സാഹുവാണ് വ്യക്തമാക്കിയത് .അഹമ്മദാബാദിൽ നിർമ്മിച്ച അഞ്ചടി നീളമുള്ള അമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമർപ്പിക്കും. അജയ് ബാൻ എന്ന് പേരിട്ടിരിക്കുന്ന ഈ അമ്പ് 11.5 കിലോഗ്രാം ഭാരമുള്ളതാണ്. സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചത്.

അയോധ്യ സന്ദർശിച്ച ശ്രീലങ്കൻ പ്രതിനിധി സംഘം ചരിത്രപ്രസിദ്ധമായ അശോക് വാതികയിൽ നിന്ന് ഒരു പാറയാണ് രാമജന്മഭൂമിക്ക് സമ്മാനിച്ചത്. രാവണന്റെ രാജ്യത്തിനുള്ളിലെ ത്രേതായുഗ കാലഘട്ടത്തിലെ സുപ്രധാന ഉദ്യാനമായ അശോക് വതിക സീതയുടെ തടവറയായിരുന്നു.തങ്ങളുടെ സമ്മാനങ്ങൾ ക്ഷേത്രത്തിൽ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് ഇതിനു പിന്നിലെ കലാകാരന്മാർ.

ജനവരി 22 നാണ് പ്രാണപ്രതിഷ്ഠ' നടക്കുക. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.പ്രമുഖരടക്കം നിരവധിപേർക്കാണ് ചടങ്ങലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞാൽ വരും മാസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷ.അതിനാൽ നഗരത്തിൽ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ നടന്നുവരികയാണ്.

Ayodhya ayodhya ram temple consecration long incense stick