ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് അയോധ്യ നഗരത്തിന്റെ മാപ്പ് തയ്യാറാക്കുന്നതിനിടെ

അജിത് കുമാർ ശർമ്മ ജുൻജുനു ജില്ലയിൽ നിന്നുള്ളയാളാണ്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലിസ് പറയുന്നു.

author-image
Greeshma Rakesh
New Update
ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് അയോധ്യ നഗരത്തിന്റെ മാപ്പ് തയ്യാറാക്കുന്നതിനിടെ

ന്യൂഡൽഹി: അയോധ്യയിൽ പ്രാണപ്രതിഷ്‌ഠയ്‌ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ.തീവ്രവാദ ബന്ധമാരോപിച്ചാണ് മൂന്ന് പേരെ യു.പി ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തത്.

രാജസ്ഥാനിൽ നിന്നുള്ള ശങ്കർ ദുസാദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പൂനിയ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അയോധ്യയിലെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിലാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.പിടിയിലായവർക്ക് ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലിസിന്റെ ആരോപണം.

ശങ്കർ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ളവരാണ്. അജിത് കുമാർ ശർമ്മ ജുൻജുനു ജില്ലയിൽ നിന്നുള്ളയാളാണ്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലിസ് പറയുന്നു.അയോധ്യയിലെ ത്രിമൂർത്തി ഹോട്ടലിന് മുമ്പിലെ പരിശോധനക്കിടെയാണ് മൂവരും പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് നിരവധി വ്യാജ ഐഡന്റിറ്റി കാർഡുകളും മൊബൈൽ ഫോൺ സിമ്മുകളും കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.

ഇവർ സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യാജമാണെന്നും പൊലിസ് പറഞ്ഞു. കസ്റ്റഡിയിൽ കഴിയുന്ന ദുസാദിനോട് അയോധ്യയിലെത്തി നഗരത്തിന്റെ മാപ്പ് തയാറാക്കാനുള്ള നിർദേശമാണ് നൽകിയിരുന്നതെന്നും പൊലിസ് അറിയിച്ചു. മറ്റു രണ്ടു പേർ ഇയാളെ സഹായിക്കാൻ എത്തിയതാണെന്നും പൊലിസ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത ദുസാദ് ബിക്കാനീർ സെൻട്രൽ ജയിലിൽ ഏഴ് വർഷം തടവിൽ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങിയതാണ്. ജയിലിൽവെച്ചാണ് ഇയാൾ ഖലിസ്ഥാൻ വിഘടനവാദി നേതാക്കളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആയുധക്കള്ളക്കടത്തുകാരൻ ലഖ്ബീർ സിങ് സാധു വഴിയാണ് ദുസാദും സുഹൃത്തുക്കളും പന്നുവുമായി ബന്ധപ്പെട്ടതെന്നാണ് പൊലിസ് പറയുന്നത്.

india narendra modi ayodhya ram temple KhalistaniTerrorist BJP