ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിദിന വരുമാനം 200 രൂപയില്‍ താഴെ; റിപ്പോര്‍ട്ട്

ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിദിനം 200 രൂപയില്‍ താഴെ മാത്രമാണ് വരുമാനമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ജാതി സര്‍വേയിലെ സാമ്പത്തിക കണക്കിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.

author-image
Web Desk
New Update
ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിദിന വരുമാനം 200 രൂപയില്‍ താഴെ; റിപ്പോര്‍ട്ട്

പട്ന: ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിദിനം 200 രൂപയില്‍ താഴെ മാത്രമാണ് വരുമാനമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ജാതി സര്‍വേയിലെ സാമ്പത്തിക കണക്കിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. 94.4 ലക്ഷത്തില്‍ അധികം കുടുംബവും പ്രതിമാസം 6000 രൂപ വരുമാനത്തില്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് മൊത്തം 2.8 കോടി കുടുംബങ്ങളാണുള്ളത്. 42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, പിന്നാക്കക്കാരും അതി പിന്നാക്കക്കാരുമായ 33 ശതമാനത്തിലധികം കുടുംബങ്ങളെയും ദരിദ്രരായി തരംതിരിച്ചിട്ടുണ്ട്. പട്ടികജാതിക്കാരില്‍ ആറ് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ 34.13 ശതമാനം കുടുംബങ്ങള്‍ പ്രതിമാസം 6,000 രൂപ വരെ തുച്ഛമായ വരുമാനം നേടുന്നുവെന്നും 29.61 ശതമാനം പേര്‍ 10,000 രൂപയോ അതില്‍ താഴെയോ വരുമാനം നേടുന്നവരാണെന്നും അതില്‍ പറയുന്നു. ഏകദേശം 28 ശതമാനം പേര്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള വരുമാനത്തില്‍ ജീവിക്കുന്നുവെന്നും പ്രതിമാസം 50,000 രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നത് നാല് ശതമാനത്തില്‍ താഴെ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

13.1 കോടിയിലധികം വരുന്ന, ജനസംഖ്യയുടെ 80 ശതമാനത്തിലധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തത്തില്‍, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 42.93 ശതമാനവും പട്ടികവര്‍ഗത്തില്‍ നിന്നുള്ള 42.70 ശതമാനവും ദരിദ്രരുടെ പട്ടികയിലാണ്. പിന്നാക്ക വിഭാഗങ്ങളിലും അതി പിന്നാക്ക വിഭാഗങ്ങളിലും ഇത് 33.16 ശതമാനവും 33.58 ശതമാനവുമാണ്. മറ്റ് ജാതികളില്‍ 23.72 ശതമാനം കുടുംബങ്ങളും ദരിദ്രരാണ്.

പൊതുവിഭാഗത്തിലുള്ള കുടുംബങ്ങളില്‍ 25.09 ശതമാനമാണ് ദരിദ്രരുടെ പട്ടികയിലുള്ളത്. ഇതിനുള്ളില്‍ 25.32 ശതമാനം ഭൂമിഹാറുകളും 25.3 ശതമാനം ബ്രാഹ്‌മണരും 24.89 ശതമാനം രജപുത്രരും ദരിദ്ര പട്ടികയിലുണ്ട്. ബിഹാറിലെ ജനസംഖ്യയുടെ 7.11 ശതമാനം ബ്രാഹ്‌മണരും രജപുത്രരുമാണ്. ഭൂമിഹാറുകള്‍ 2.86 ശതമാനമാണ്. പിന്നാക്ക വിഭാഗങ്ങളായ യാദവരില്‍ 35.87 ശതമാനവും 34.32 ശതമാനം കുശവാസും 29.9 ശതമാനം കുര്‍മികളും ദരിദ്രരാണ്.

സംസ്ഥാനത്തെ മൊത്തം സാക്ഷരതാ നിരക്ക് 79.7 ശതമാനമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 22.67 ശതമാനം പേര്‍ മാത്രമാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരുടെ 24.31 ശതമാനവും അതി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 24.65 ശതമാനം പേരുമാണ് സാക്ഷരത നേടിയിട്ടുള്ളത്. പൊതുവിഭാഗത്തില്‍ ഇത് 17.45 ശതമാനം മാത്രമാണ്.

94.4 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ജാതി സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

വീടില്ലാത്ത ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം വരുന്ന വീട് നിര്‍മ്മിക്കാനുള്ള സഹായവും, ജോലിയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായുംഅദ്ദേഹംപറഞ്ഞു

Latest News bihar newsupdate caste survey