
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.അഭി വിക്രം, വികാസ് കൃഷ്ണന്‍, ബിനില്‍ വിനു, ഫെന്നി എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. അടൂര്‍ സ്വദേശികളാണ് ഇവര്‍. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.അതെസമയം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ് അയക്കും.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ്. ഡിവൈഎഫ്‌ഐ നേതാക്കള്‍ നേരിട്ടു നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അതിനു പിന്നിലെ രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഒരുപാടു നേതാക്കളുടെ പിന്തുണയുണ്ടായി. എല്ലാ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരുമായി തനിക്ക് ബന്ധമുണ്ട്. അതിന്റെ പേരില്‍ ഏതെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡിയില്‍ ഉള്ളത് തന്റെ നാട്ടുകാരായ പ്രവര്‍ത്തകരാണ്. അവരുമായി തനിക്ക് വ്യക്തിപരമായി നല്ല ബന്ധമുണ്ട്.കേസില്‍ തന്നെ ഇതുവരെ അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ടാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടാല്‍ ഒരു യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനും നെഞ്ച് വേദന വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.