ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അപകടം: ഭക്ഷ്യചാക്കുകൾ തലയിൽ വീണ് അഞ്ചു മരണം

വടക്കൻ ഗാസ നഗരമായ ശാത്തി അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിനായി വരി നിന്നവരുടെ തലയിലാണ് വലിയ ഭക്ഷ്യചാക്കുകൾ പതിച്ചത്

author-image
Greeshma Rakesh
New Update
ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അപകടം: ഭക്ഷ്യചാക്കുകൾ തലയിൽ വീണ് അഞ്ചു മരണം

ഗാസ: ഗാസയിൽ ആകാശമാർഗം (എയർഡ്രോപിങ്) ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അപകടം.ഭക്ഷ്യചാക്കുകൾ തലയിൽ രണ്ട് കുട്ടികളടക്കം ആറ് പലസ്തീനികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വടക്കൻ ഗാസ നഗരമായ ശാത്തി അഭയാർഥി ക്യാമ്പിൽ ഭക്ഷണത്തിനായി വരി നിന്നവരുടെ തലയിലാണ് വലിയ ഭക്ഷ്യചാക്കുകൾ പതിച്ചത്.മരണത്തിന് പിന്നാലെ ആകാശമാർഗം വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.

അതിർത്തി വഴി റോഡ് മാർഗം അവശ്യവസ്തുക്കൾ എത്തിക്കണമെന്നാണ് ആവശ്യം.ആകാശമാർഗം വഴിയുള്ള വിതരണം ഉപകാരപ്രദമല്ലെന്നും മാനുഷിക സേവനം നടത്തുന്നുവെന്ന പ്രചാരണത്തിന് വേണ്ടിയാണിതെന്നും ഗാസ ഭരണകൂടത്തിൻറെ മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. 'എയർഡ്രോപിങ് ഗസ്സ മുനമ്പിലെ പൗരന്മാരുടെ ജീവിതത്തിന് ഭീഷണിയാണെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പാഴ്‌സലുകൾ പൗരന്മാരുടെ തലയിൽ വീണപ്പോൾ അത് സംഭവിച്ചു' -അവർ പറഞ്ഞു.

 

അതേസമയം, അവശ്യവസ്തുക്കൾ കടൽമാർഗം എത്തിക്കാനുള്ള ഇടനാഴി ഉടൻ സജ്ജമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. മാനുഷിക സഹായ വിതരണത്തിനായി ഗാസയിൽ താൽകാലിക തുറമുഖം നിർമിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഗാസയിലെ നാലിലൊന്ന് പേരെങ്കിലും പട്ടിണിയെ നേരിടുന്നതായി ഐക്യരാഷ്ട്രസഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ കാര്യാലയം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രായേലിൻറെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് മാനുഷിക സഹായം എത്തിക്കാൻ സാധിക്കാത്തതാണ് പട്ടിണി രൂക്ഷമാകാനുള്ള പ്രധാന കാരണം. ജനുവരി 23 മുതൽ വടക്കൻ ഗസ്സയിൽ അവശ്യസാധനങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എ എത്തിക്കുന്നതിൽ ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഗാസയിൽ ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവും നിർജലീകരണവും കാരണം കഴിഞ്ഞ മാസമാണ് ആദ്യമായി ശിശുമരണം റിപ്പോർട്ട് ചെയ്തത്. ഇതിനകം 20 കുട്ടികളാണ് വിശന്ന് മരിച്ചത്.

കുഞ്ഞുങ്ങൾക്ക് നൽകാൻ പാലോ മറ്റോ ഗാസയിലില്ല. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധവും ഉപരോധവും ആറാം മാസത്തിലേക്ക് കടന്നതോടെ ആകെ മരണം 30,878 ആയി. 72,402 പേർക്ക് പരിക്കേറ്റു.

 

death america joe biden Palestine israels war on gaza airdropped