മില്ലറ്റില്‍ 501 വിഭവങ്ങള്‍; ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ

പായസം മുതല്‍ ബിരിയാണി വരെ ആരോഗ്യപ്രദമായ മില്ലറ്റുകള്‍ ഉപയോഗിച്ച് 501 വിഭവങ്ങള്‍ ഒരുക്കി ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ

author-image
Web Desk
New Update
മില്ലറ്റില്‍ 501 വിഭവങ്ങള്‍; ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ

കൊച്ചി: പായസം മുതല്‍ ബിരിയാണി വരെ ആരോഗ്യപ്രദമായ മില്ലറ്റുകള്‍ ഉപയോഗിച്ച് 501 വിഭവങ്ങള്‍ ഒരുക്കി ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന്റെ ഭാഗമായി ഔഷധഗുണങ്ങള്‍ ഏറെയുള്ള ചെറു ധാന്യങ്ങളുടെ ഉപയോഗം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സരസ് മേളയില്‍ പരിപാടി സംഘടിപ്പിച്ചത്.

അട്ടപ്പാടി ജന്റര്‍ ട്രൈബല്‍ അയല്‍ക്കൂട്ടം അംഗങ്ങളും എഫ്.എന്‍.എച്ച്.ഡബ്യു (ഫുഡ്, ന്യൂട്രിഷന്‍, ഹെല്‍ത്ത് ആന്റ് വാഷ്) ഫ്‌ലാഷ്ഷിപ് പ്രോഗ്രാം നടക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് മില്ലറ്റ് വിഭവങ്ങള്‍ ഒരുക്കിയത്.

രാഗി, ചാമ, കമ്പ്, വര്‍ഗ്, തിന, കുതിര്‍ വാലി, പനി വര്‍ഗ്, മണി ചോളം തുടങ്ങിയ മില്ലറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ചെറുകടികള്‍, മധുര പലഹാരങ്ങള്‍, സാലഡ്, ബിരിയാണി, കുക്കീസ്, ശീതള പാനീയങ്ങള്‍, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങള്‍, നൂഡില്‍സ്, സാന്‍വിച്ച്, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യപ്രദമായ മില്ലറ്റുകള്‍കൊണ്ട് ഒരുക്കി നിത്യ ഭക്ഷണത്തില്‍ ഉപയോഗിക്കാം എന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതായിരുന്നു പ്രദര്‍ശനം.

വ്യത്യസ്തമായ മില്ലറ്റ് വിഭവങ്ങള്‍ കാണുന്നതിനും രുചി ആസ്വദിക്കുന്നതിനും നിരവധി പേരാണ് പ്രദര്‍ശനത്തിലേക്ക് എത്തിയത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന മില്ലറ്റുകള്‍ നിത്യഭക്ഷത്തില്‍ ഉപയോഗപ്പെടുത്തുന്നത് ഗുണകരമാണ്.

കട്ട്‌ലൈറ്റ്, കുക്കീസ്, ചോക്ലേറ്റ് ബോള്‍, മടക്ക് ബോളി, മൈസൂര്‍ പാക്ക്, പായസം, കൊഴുക്കട്ട, പിടി, മധുര സേവ, സാന്‍ വിച്ച്, ചിക്കന്‍ തിന റോള്‍, തിന റാഗി ഷവര്‍മ, നൂഡില്‍സ്,സ്പ്രിംഗ് റോള്‍, തുടങ്ങി 501 വിഭവങ്ങളാണ് ഒരുക്കിയത്. പ്രദര്‍ശനത്തിനുശേഷം പൊതുജനങ്ങള്‍ക്ക് മില്ലറ്റ് വിഭവങ്ങളുടെ അറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.

അട്ടപ്പാടി ജന്റര്‍ ട്രൈബല്‍ യൂണിറ്റില്‍ നിന്നും എഫ്.എന്‍.എച്ച്.ഡബ്യു ഫ്‌ലാഷ്ഷിപ് പ്രോഗ്രാം നടക്കുന്ന അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമുള്ള 80 അംഗങ്ങളാണ് വിഭവങ്ങള്‍ ഒരുക്കിയത്. കുടുംബശ്രീയുടെ പാചക പരിശീലന ഇന്‍സ്റ്റിറ്റിയൂഷനായ ഐഫ്രത്തിലെ പാചക വിദഗ്ത്തര്‍ ഇവര്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ഓഫീഷ്യല്‍ ടോണി ചിറ്റേട്ടുകളത്തില്‍ നിന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ റ്റി. എം റജീന സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഓഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഐഫ്രം പാചകവിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

രണ്ടാം വട്ടമാണ് പത്താമത് ദേശീയ സരസ് മേളയോട് അനുബന്ധിച്ച് കുടുംബശ്രീ ലോക റെക്കോഡ് കരസ്ഥമാക്കുന്നത്. മെഗാ ചവിട്ടു നാടകവുമായി വേള്‍ഡ് ടാലന്റ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു.

kerala kochi food millet dishes Kudumbashree