/kalakaumudi/media/post_banners/9aa25b36d3844367671c6f57aec722969ab8ee8e6d2995acebc89028374168c7.jpg)
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 800 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്തര്‍ക്ക് തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യുന്നതിനായി നിലയ്ക്കല്‍, പമ്പ ബസ് സ്റ്റേഷനുകളില്‍ നാല് ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയില്‍ നിന്നും ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ ആളുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ നിലയ്ക്കല്‍ ബസ് സ്റ്റാന്റില്‍ കയറില്ല. ബസില്‍ ആളുകള്‍ നിറഞ്ഞിട്ടില്ലെങ്കില്‍ നിലയ്ക്കലില്‍ കയറും. നിലയ്ക്കലേക്ക് പോകുന്ന ഭക്തജനങ്ങള്‍ ചെയിന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. അനൗണ്‍സ്‌മെന്റും ഉണ്ടാകും. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഇലവുങ്കല്‍ സേഫ് സോണ്‍, നിലയ്ക്കല്‍, പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
എംഎല്‍എമാരായ അഡ്വ പ്രമോദ് നാരായണ്‍, അഡ്വ കെ യു ജനീഷ് കുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് ഐപിഎസ്, ഡിഐജി തോംസണ്‍ ജോസ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ പി എസ് പ്രമേജ് ശങ്കര്‍, കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍ ജി പി പ്രദീപ് കുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് ജി അനില്‍ കുമാര്‍, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ശബരിമല എഡിഎം തുടങ്ങിയവര്‍ പങ്കെടുത്തു.