/kalakaumudi/media/post_banners/cb9a14631e84c72a40b9b49a76c09bc0af41fa1aeac1c22c1f3f7c5034d6998c.jpg)
വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളന വേദിയില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി വകുപ്പ് സഹമന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ.നമ്മുടെ നാട്ടില്‍ ഒരു കാലത്ത് സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം ഇല്ലായിരുന്നു. അവര്‍ണ്ണ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ മുലക്കരം കൊടുക്കേണ്ടി വന്നിരുന്നു. അങ്ങനെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്ന അനാചാരങ്ങളുടെ അടിവേരറുത്ത മഹദ് വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍ എന്ന് കടകംപള്ളി പറഞ്ഞു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു അഭിസംബോധന ചെയ്തത് മനുഷ്യനെയും മനുഷ്യന്റെ പുരോഗതിയുമായിരുന്നു. ശ്രീനാരായണ ഗുരുവിന് സമം ശ്രീനാരായണ ഗുരു മാത്രമേയുള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇത്തരം സാഹചര്യങ്ങള്‍ ഒരു കാലത്ത് നിലനിന്നിരുന്നു എന്ന് പറയുമ്പോള്‍ അതൊക്കെ സനാതന ധര്‍മ്മത്തിന്റെ അന്തഃസത്തയാണെന്ന് പറയുന്നത് തീര്‍ത്തും ഗുരുനിന്ദയാണ്. ഗുരുദേവന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വന്നുനിന്ന് ഗുരുനിന്ദ നടത്താന്‍ പാടില്ലായിരുന്നുവെന്നും കടകംപള്ളി മുരളീധരന് മറുപടി നല്‍കി. ഒരു മതത്തിന്റെയോ ജാതിയുടെയോ ഇടമായി ശിവഗിരി മാറാന്‍ പാടില്ലെന്ന് ഗുരു ആഗ്രഹിച്ചു. അതുകൊണ്ടാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ വേഷം മഞ്ഞയായി നിശ്ചയിച്ചത്. കാവി എന്നത് മഹത്തായ നിറമാണെന്ന വി.മുരളീധരന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ഇത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അനേകം മതങ്ങളും ആചാരങ്ങളും ഭാഷയും വേഷവിധാന സംസ്‌കാരവും ഒക്കെയുള്ള ഇന്ത്യയ്ക്ക് പുരോഗതി പ്രാപിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ വിലയിരുത്തിയിരുന്നു. ഒരു മതവും ഒരു ഭാഷയുമുള്ള പാകിസ്ഥാന്‍ പുരോഗതിയിലേക്ക് കുതിക്കുമെന്നായിരുന്നു നിരീക്ഷണം. എന്നാല്‍ സംഭവിച്ചത് തിരിച്ചാണ്. നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിന്റെ ചിറകിലേറി നമ്മുടെ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്നും കടകംപള്ളി പറഞ്ഞു. പശുവിന്റെ മാംസം കൈവശംവച്ചു എന്നതിന്റെ പേരില്‍ രാജ്യത്ത് ആളുകളെ കൊല്ലുന്നു.ഇതേ രാജ്യത്ത് എല്ലാവര്‍ക്കും മാതൃകയാവേണ്ട അധ്യാപിക ഒരു ജാതിയില്‍പെട്ട കുട്ടികളെ കൊണ്ട് മറ്റ് ജാതിയില്‍ പെട്ട കുട്ടികളെ തല്ലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ശേഷം പിണറായി സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വി.മുരളീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയത്. സനാതന മതം എന്നത് ജാതിയും അയിത്തവും മാത്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നുണ്ടെന്ന് ആരോപിച്ച വി.മുളീധരന്‍ തിയ്യ സമുദായം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് മഹാകവി കുമാരനാശാന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിക്കുകയും ചെയ്തു.
ഹിന്ദുക്കള്‍ക്ക് അഭിമാനമായി വല്ലതും അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ പ്രാചീനവും പരിശുദ്ധവുമായ മതം മാത്രമാണെന്ന് കുമാരനാശാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രാചീനവും പരിശുദ്ധവുമായ സനാതന ധര്‍മ്മത്തെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും സനാതന ധര്‍മ്മം എന്നാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കലാണെന്ന വ്യാജ പ്രചരണവും അക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു-അദ്ദേഹം വിമര്‍ശിച്ചു.
പിണറായി സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസ്സിനിടയിലുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മനുഷ്യന്‍ മനുഷ്യന്റെ തല ചെടിച്ചട്ടികൊണ്ട് തല്ലിപ്പൊളിക്കുകയും അത്തരം അക്രമപ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് ന്യായീകരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വേദോപനിഷത്തുകള്‍ പഠിപ്പിച്ച മാനവികതയുടെ പാഠം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സഹജീവികളുടെ തല തല്ലിപ്പൊളിക്കുകയും അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു.