/kalakaumudi/media/post_banners/f8d85a15520233dcc6a42afa7bf11f8cbad37643e4f5e99e888f824f9ab0c8bd.jpg)
ഇരിക്കൂര്‍ (കണ്ണൂര്‍): പെരുവളത്ത്പറമ്പ്-മയ്യില്‍ റോഡില്‍ ചൂളിയാട് കടവ് ജുമാ മസ്ജിദിനു സമീപം ടിപ്പര്‍ ലോറിയിടിച്ച് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചൂളിയാട് കടവിലെ തായലെപുരയില്‍ ഷംസുദ്ദീന്റെയും ഷബാനയുടെയും മകന്‍ മുഹമ്മദ് ത്വാഹയാണ് (6) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടമുണ്ടായത്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ത്വാഹയും സഹോദരന്‍ എല്‍കെജി വിദ്യാര്‍ഥി മുഹമ്മദ് ഷാനും മാതാവിനൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു.
എതിര്‍വശത്തുള്ള ഉപ്പാപ്പയുടെ കടയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി കുട്ടിയെ ഇടിക്കുകയായിരുന്നു.
മുന്‍ഭാഗത്തെ ടയര്‍ തലയിലൂടെ കയറിയിറങ്ങിയതിന് ശേഷം കുട്ടിയെയും വലിച്ച് ലോറി 5 മീറ്ററോളം മുന്നോട്ടു പോയി. ത്വാഹ സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കബറടക്കം ഇന്ന് ചൂളിയാട് കടവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ത്വാഹയുടെ മറ്റ് സഹോദരങ്ങള്‍: ഷസ്‌ന, സ്വാലിഹ് (ഇരുവരും വിദ്യാര്‍ഥികള്‍).